പിന്നോക്ക സംഘടനയായ ബി ഡി ജെ എസ് യു.ഡി.എഫിലേക്ക് വരണമെന്ന് സി എം പി സംസ്ഥാന ജനറൽ സെക്രട്ടറി സി പി ജോൺ
കണ്ണൂർ : പിന്നോക്ക സംഘടനയായ ബി.ഡി.ജെ.എസ് യു.ഡി.എഫിലേക്ക് വരണമെന്ന് സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി ജോൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭൂരിപക്ഷ വർഗീയതയാണ് അപകടകരം ഇതു ബി.ഡി.ജെ.എസ് തിരിച്ചറിയണം. അവർ ഉൾപ്പെടുന്ന പിന്നോക്കക്കാർ സംവരണം വേണ്ടെന്ന ബി.ജെ.പിയുടെ നിലപാടിനെ എതിർക്കണം. ജാതി സെൻസസ് ഉൾപ്പെടെയുള്ളവ കോൺഗ്രസും രാഹുൽ ഗാന്ധിയുമാണ് അംഗീകരിക്കുന്നത്. പിന്നോക്കക്കാർക്ക് എതിരെ നിൽക്കുന്ന അമിത് ഷായുമായി മുന്നണിയിൽ ഇരിക്കണോയെന്ന് ബി.ഡി. ജെ. എസിനെ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിലെ അംഗങ്ങൾ ചിന്തിക്കണമെന്ന് സി.പി. ജോൺ പറഞ്ഞു.
ന്യുനപക്ഷ സംഘടനകളായ ജമാത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും വോട്ടുകൾ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നും ഇന്ത്യയിൽ മാത്രമല്ല ലോകത്തെവിടെയും ഭൂരിപക്ഷ വർഗീയതയാണ് അപകടകരമാവുന്നതെന്ന് സി.പി ജോൺ പറഞ്ഞു. പാക്കിസ്ഥാനിലും ബംഗ്ളാദേശിലുമൊക്കെ ഭൂരിപക്ഷ വർഗീയതയാണ് അപകടം. ഇന്ത്യയിൽ ഭരണകൂടത്തെ നിയന്ത്രിക്കുന്നത് ഭൂരിപക്ഷ വർഗീയതയാണ്. അവരോളം അപകടകരമല്ല ന്യൂനപക്ഷ വർഗീയത.
ന്യൂനപക്ഷങ്ങൾ മതതീവ്രവാദത്തിലേക്ക് കൂടുതൽ പോകാതിരിക്കാൻ മതേതര ചേരിയിലേക്ക് കൊണ്ടുവരികയാണ് ചെയ്യേണ്ടത്. ഈ അർത്ഥത്തിലാണ് ജമാത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി യുടെയും പിൻതുണ തേടുന്നതിൽ തെറ്റില്ലെന്ന് സി.എം.പി പറയുന്നതെന്ന് സി.പി ജോൺ വ്യക്തമാക്കി. അടുത്ത ഭരണം യു.ഡി.എഫിന് ലഭിക്കണമെങ്കിൽ അമിത ആത്മവിശ്വാസം പാടില്ലെന്നും മലബാറിലെ പോലയല്ല തിരുവിതാംകൂറെന്നും സി.പി ജോൺ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സി.എഅജീർ, പി.സുരേഷ് ബാബു, സുധീഷ് കടന്നപ്പള്ളി എന്നിവർ പങ്കെടുത്തു.