മുഴപ്പിലങ്ങാട് തറവാട് വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഉച്ചയൂണുമായി തന്നട സെൻട്രൽ യുപി സ്കൂളിലെ വിദ്യാർത്ഥികൾ
കണ്ണൂർ : മനുഷ്യ സ്നേഹത്തിൻറെ നല്ല മാതൃക കാണിച്ചു തരികയാണ് തന്നട സെൻട്രൽ യുപി സ്കൂളിലെ വിദ്യാർത്ഥികൾ. മുഴപ്പിലങ്ങാട് തറവാട് വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഉച്ചയൂണുമായാണ് ബുധനാഴ്ച കുട്ടികളും അധ്യാപകരും എത്തിയത്. മലയാള മനോരമയുടെ നല്ല പാഠം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. കുട്ടികൾ സ്വരൂപിച്ച ചെറിയ തുക കൂട്ടി വെച്ചാണ് ഭക്ഷണത്തിനുള്ള തുക കണ്ടെത്തിയത്. കുട്ടികളിൽ കുടുംബത്തിലെ ഓരോരുത്തരെയും എന്നും ചേർത്തുപിടിക്കേണ്ടതാണ് എന്നും ജീവിത സായാഹ്നത്തിൽ നമ്മുടെ മാതാപിതാക്കൾക്ക് നമ്മൾ തണലാവേണ്ടതാണ് എന്നുമുള്ള മഹത്തായ പാഠം ഉൾകൊള്ളിക്കാനും കൂടാതെ ദാന ധർമങ്ങൾ ശീലിപ്പിക്കുക, പ്രായമായവരോട് സ്നേഹം വളർത്തുക എന്നുമുള്ള ലക്ഷ്യത്തോടെയാണ് ക്ലബ്ബ് പരിപാടി സംഘടിപ്പിച്ചത്.സ്കൂളിൽ നിന്ന് പാചകം ചെയ്ത വിഭവങ്ങളുമായി കുട്ടികൾ എത്തിയപ്പോൾ അന്തേവാസികളിൽ പലരുടെയും കണ്ണുനിറഞ്ഞു.ഹെഡ് മാസ്റ്റർ ഇ ബാലസുബ്രഹ്മണ്യൻ്റെ അധ്യക്ഷതയിൽ പി ടി എ പ്രസിഡണ്ട് റസാഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി എം സുബൈർ.നല്ല പാഠം കോർഡിനേറ്റർ മാരായ റമീസ എം. എം, സഹീറ പി, മദർ പി ടി എ പ്രസിഡണ്ട് അജ്ന പി ‘തറവാട്’ ചാരിറ്റബിൾ ട്രസ്റ്റ് മാനേജർ ജിസ്ന, പ്രസിഡന്റ് vp അബ്ദുൽ ഖാദർ, സെക്രെട്ടറി മജീദ് തുടങ്ങിയവർ സംസാരിച്ചു