മിഷൻ ഫുഡ് ഫോഡർ വാട്ടർ; താത്കാലിക തടയണ നിർമിച്ചു
കണ്ണൂർ : വേനൽ കനക്കുന്നതോടെ വന്യമൃഗ ശല്യം രൂക്ഷമായി കൊണ്ടിരിക്കു ന്ന മലയോര മേഖലയിൽ വന്യമൃഗങ്ങൾ ക്കാവശ്യമായ ഭക്ഷണവും വെള്ളവും കാട്ടിൽ തന്നെ നിലനിർത്തുക എന്ന ഉദ്ദേശത്തോടെ കേരള വനം വന്യജീവി വകുപ്പ് ആസൂത്രണം ചെയ്ത “മിഷൻ ഫുഡ് ഫോഡർ വാട്ടർ” പദ്ധതിയുടെ ഭാഗമായി പൈതൽ മലയിലും, ബ്രഷ് വുഡ് ചെക്ക് ഡാം നിർമ്മിച്ചു. കണ്ണൂർ വനം ഡിവിഷൻ തളിപ്പറമ്പ് റെയിഞ്ച് കരാമരം തട്ട് സെക്ഷൻ പരിധിയിൽ പെടുന്ന പുറത്തൊട്ടി പൈതൽ മലയിൽ ആണ് നിർമ്മിച്ചത്. ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടിയാണ് കൂടുതലും വന്യ മൃഗങ്ങൾ കൃഷിഭൂമിയിലേക്ക് ഇറങ്ങുന്നത്.ഈ അവസ്ഥ കുറച്ചുകൊണ്ടു വരുന്നതിനു വേണ്ടിയാണ് കാട്ടിൽ തന്നെ ആവശ്യത്തിന് വെള്ളം നിലനിർത്തുന്ന തിന് ഇത്തരത്തിൽ ഒരു പദ്ധതി ആവിഷ്കരിച്ചത്. കാട്ടിലുള്ള ചെളിയും കല്ലും കൊണ്ട് നിറഞ്ഞ ചെറിയ ഉറവച്ചാലുകളെ വൃത്തിയാക്കി പാഴ്ത്തടികളും, ചെളിയും പുല്ലും കൊണ്ട് വെള്ളം തടഞ്ഞുനിർത്തിആണ് ചെക്ക് ഡാം നിർമ്മിച്ചത്. തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്ണൻ, കരാമരം തട്ട് സെക്ഷൻ ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാരായ രജനീഷ് സി പി, മനോജ് വർഗീസ്, ഷമീന പി എച്, നികേഷ് വെമ്പിരിഞ്ഞൻ, അരുൺ കെ, മനോജ് ഇ, ശ്രുതി എന്നിവരോടൊപ്പം ഫയർ വാച്ചർമാരും ടൂറിസം ഗൈഡ്മാറും പങ്കെടുത്തു.