വളപട്ടണം പുഴയുടെ പറശ്ശിനിക്കടവ് നീർപാലത്തിന് താഴെ ഭാഗത്ത് വ്യാപകമായി കരയിടിച്ചിൽ തുടരുന്നു
കണ്ണൂർ : വളപട്ടണം പുഴയുടെ പറശ്ശിനിക്കടവ് നീർപാലത്തിന് താഴെ ഭാഗത്ത് വ്യാപകമായി കരയിടിച്ചിൽ തുടരുന്നു. ലക്ഷങ്ങൾ ചിലവഴിച്ച പദ്ധതി വെള്ളത്തിലായി. മയിൽ കൊളച്ചേരി പഞ്ചായത്തുകളിൽ ഉൾപ്പെട്ടതാണ് ഈ സ്ഥലം. പഞ്ചായത്തിന്റെ അതീനതയിലുള്ള സ്ഥലത്ത് ചെറു മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും കരയിടിച്ചിലിനെ പ്രതിരോധിക്കാനായില്ല. 2020 21 ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വളപട്ടണം പുഴയുടെ ഇടതുകര സംരക്ഷിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിരുന്നത്. ഇതിന്റെ ഭാഗമായി പുഴയിൽ കരയോട് ചേർന്ന് തെങ്ങ് കുട്ടികൾ സ്ഥാപിച് അതിൽ കയർ കൊണ്ട് നിർമ്മിച്ച വല കെട്ടി മണ്ണിട്ട് നിറച്ചിരുന്നു. എന്നാൽ മൂന്നുവർഷത്തിനകം തന്നെ ഇവയെല്ലാം നശിച്ചു പോകുകയും മണ്ണ് പകുതിയിലേറെ ഒലിച്ചു പോകുകയും ചെയ്തു. 10,69,603 ചിലവാക്കിയ പദ്ധതി ഫലത്തിൽ ലക്ഷങ്ങൾ മുഴുവൻ വെള്ളത്തിൽ ആയ അവസ്ഥയിലായി.
വളപട്ടണം പുഴയിൽ നിരവധി ചെറുതും വലുതുമായ ദ്വീപുകൾ ഉണ്ടായിരുന്നു. എന്നാൽ കാലക്രമേണ പല ചെറുദ്വീപുകളും പുഴയിൽ മറഞ്ഞു. വിനോദസഞ്ചാര മേഖലയ്ക്ക് വൻ മുതൽക്കൂട്ട് ആകേണ്ടതാണ് ഈ സ്ഥലങ്ങൾ. ഭിത്തി കെട്ടി സംരക്ഷിച്ചാൽ ഇവിടെ മനോഹരമായ ടൂറിസം സ്പോട്ടാക്കി മാറ്റാൻ സാധിക്കും. നിലവിൽ നിരവധി ചെത്തുകാർ ഇവിടെയുള്ള തെങ്ങുകളിൽ ചെത്തുന്നുണ്ട്. ഇവരുടെ തൊഴിലിനും ഈ കരയിടിച്ച് ഭീഷണിയാവുന്നുണ്ട്. അധികൃതരുടെ അനങ്ങാപ്പാറ നയമാണ് ഇത്തരം പദ്ധതികൾ തുടർ പ്രവർത്തി നടക്കാതെ വെള്ളത്തിലാവാൻ കാരണം.