തുരുത്തിയിലെ കണ്ടൽ വനമേഖലയിൽ വൻതോതിൽ മാലിന്യം തള്ളുന്നതായി ആക്ഷേപം
കണ്ണൂർ : തുരുത്തിയിലെ കണ്ടൽ വനമേഖലയിൽ വിവിധഭാഗങ്ങളിൽനിന്നും വൻതോതിൽ മാലിന്യം തള്ളുന്നതായി ആക്ഷേപം. നിരന്തരമായി മാലിന്യം തള്ളുന്നത് കണ്ടൽക്കാടുകൾക്കും അവിടെയുള്ള ജീവജാലങ്ങൾക്കും ദോഷകരമാണെന്നിരിക്കെ അധികൃതർ വേണ്ട നടപടി സ്വീകരിക്കുന്നില്ല. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി കണ്ടൽ കാടുകൾ ക്കുള്ളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാലിന്യമാണ് തള്ളുന്നത്.
രണ്ടുപതിറ്റാണ്ട് മുൻപ് തുരുത്തിയിലെ സമൃദ്ധമായ കണ്ടൽക്കാടുകൾക്ക് മധ്യത്തിലൂടെ വളപട്ടണം പുഴയോരത്തേക്ക് വ്യവസായ ശാലകളിലേക്ക് പോകാൻ റോഡ് നിർമിച്ചതോടെയാണ് ദേശീയപാത യോരങ്ങൾ ഒഴിവാക്കി തുരുത്തി മാലിന്യം തള്ളുന്നവരുടെ സ്വൈരവിഹാര കേന്ദ്രമായത്. കെട്ടിടാവശിഷ്ടങ്ങൾ, വ്യവസായ ശാലകളിലെയും വലിയ ഷോപ്പിങ് കേന്ദ്രങ്ങളിലേയും പ്ലാ സ്റ്റിക്, കക്കൂസ് മാലിന്യം, അറവു ശാല, ബാർബർ ഷോപ്പുകളിലെ മാലിന്യം തുടങ്ങിയവയെല്ലാം ഇവിടെ തള്ളുന്നുന്നുണ്ട്. നിരവധി ദേശാടന പക്ഷികളുടെയും മത്സ്യങ്ങളും വിവിധ ജീവികളുടെയും ആവാസ കേന്ദ്രമായ കണ്ടൽക്കാടുകൾക്ക് ഇവ ഏറെ ദോഷം ചെയ്യുന്നു. കണ്ടൽക്കാടുകളുടെ വേരുകളിലും മറ്റും പ്ലാസ്റ്റിക് മാലിന്യമടക്കം കുടുങ്ങിക്കിടക്കുന്ന നിലയിലാണ് ഉള്ളത്. മാലിന്യം തള്ളുന്നത് പതിവ് സംഭവമായിട്ടും തദ്ദേശസ്ഥാപനങ്ങളോ മറ്റു ബന്ധപ്പെട്ട അധികൃതരോ ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുയരുന്നു