കാവുംഭാഗം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിടം; പ്രവൃത്തി ഉദ്ഘാടനം സ്പീക്കർ നിർവഹിച്ചു
തലശ്ശേരി : തലശ്ശേരി നഗരസഭ പരിധിയിലെ കാവുംഭാഗം ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിട സമുച്ചയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ നിർവഹിച്ചു. സ്കൂളിന്റെ പഠന നിലവാരം ഉയർത്തുന്നതിനും വിദ്യാർഥികളുടെ എണ്ണം വർധിപ്പിക്കുന്ന തിനും രാഷ്ട്രീയത്തിന്റെ അതിർവരമ്പുകൾ കടന്ന് അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ആത്മാർഥതയോടെ പ്രവർത്തിക്കണമെന്ന് സ്പീക്കർ പറഞ്ഞു. സ്കൂളിന്റെ ഭൗതിക സാഹചര്യം വർധിപ്പിക്കാൻ എല്ലാവിധ പിന്തുണയും സർക്കാർ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് സ്കൂളിലെ പ്രതിഭാശാലികളെ സ്പീക്കർ അനുമോദിച്ചു. സ്കൂളിന്റെ പുതിയ കെട്ടിട നിർമ്മാണ പദ്ധതിക്കായി 2021-22, 2023-24 വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി രണ്ടുകോടി രൂപയാണ് അനുവദിച്ചത്. 18 മാസമാണ് പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി.
തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ.എം ജമുനാറാണി ടീച്ചർ അധ്യക്ഷയായി. അസിസ്റ്റന്റ് എഞ്ചിനീയർ ഒ.ടി രെജുമ റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശബാന ഷാനവാസ്, വാർഡ് കൗൺസിലർമാരായ സി.പി അനിത, ടി.കെ സാഹിറ, വി മജ്മ, അഡ്വ. മിലി ചന്ദ്ര, പി.കെ സോന, എൻ മോഹനൻ, വി ഷീജ, സി പ്രശാന്ത്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ശകുന്തള, തലശ്ശേരി നോർത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എ പ്രശാന്ത്, സമഗ്ര ശിക്ഷാ കേരളം തലശ്ശേരി നോർത്ത് ബി പി സി എ.കെ ചന്ദ്രമോഹൻ, പ്രിൻസിപ്പൽ പി.കെ ഗിരീഷ് മോഹൻ, പി ടി എ പ്രസിഡന്റ് രാധാകൃഷ്ണൻ, സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ പി മുരളീധരൻ, മുൻ പ്രിൻസിപ്പൽ വിനോദ് നന്ദ്യത്ത്, മുൻ ഹെഡ്മിസ്ട്രസ് ലതാഭായ്, ഹയർസെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി പി സന്തോഷ്, ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി പി സതീഷ്, പ്രധാന അധ്യാപിക കെ.പി റസലി, എ.സി മനോജ്, അഡ്വ. വി.വി രത്നാകരൻ, അരവിന്ദാക്ഷൻ, എ വത്സൻ എന്നിവർ പങ്കെടുത്തു.