കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ല സമ്മേളനത്തിനോട് അനുബന്ധിച്ച് കോമത്ത് ബണ്ട് പരിസരത്ത് കൈപ്പാട് നെൽകൃഷി ഇറക്കി
പഴയങ്ങാടി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ല സമ്മേളനത്തിനോട് അനുബന്ധിച്ച് മാടായി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോമത്ത് ബണ്ട് പരിസരത്ത് കൈപ്പാട് നെൽകൃഷി ഇറക്കി. നടീൽ ഉദ്ഘാടനം ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ നിർവഹിച്ചു.
2025 ഫെബ്രുവരിയിൽ മാടായി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിന് എത്തുന്ന പ്രതിനിധികൾക്ക് നൽകാനുള്ള ഭക്ഷണത്തിന്റെ ഭാഗമായിട്ടാണ് ഞാറ് നടൽ നടന്നത്. കൊട്ടില ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികളുടെ പങ്കാളിത്തതോട് കൂടിയാണ് ഞാറ് നട്ടത്. അര ഏക്കർ കൈപ്പാടിലാണ് ഏഴോം നാല് വിത്തുകളിൽ ഉല്പാദിപ്പിച്ച ജൈവ കൃഷി ഇറക്കിയത്. ഏഴോം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് മാടായി മേഖലാ സെക്രട്ടറി കെ വി ഹനീഷ്,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷൈമ ടീച്ചർ,കെ എസ് എസ് പി നിർവാഹക സമിതി അംഗം ജയശ്രീ ടീച്ചർ, പാടശേഖര സമിതി അംഗം യു മോഹനൻ, വാർഡ് വികസന സമിതി കൺവീനർ പി ദിനേശൻ, കെ എസ് എസ് പി മാടായി മേഖല ട്രഷറർ പി പി ലക്ഷ്മണൻ, ഏഴോം കൃഷിഭവൻ ഉദ്യോഗസ്ഥൻ മഹേഷ് എന്നിവർ സംസാരിച്ചു.