മൊറാഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പുതിയ കെട്ടിടമാവുന്നു; പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കണ്ണൂർ : മൊറാഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം എം.വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പശ്ചാത്തല വികസനത്തിന് സംസ്ഥാന സർക്കാർ പ്രത്യേക പരിഗണന നൽകിയെന്നും ഇതുവഴി അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന നിരവധി പൊതുവിദ്യാലയ ങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സാധിച്ചെന്നും എം എൽ എ പറഞ്ഞു. ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷനായി. നിലവിലുള്ള കെട്ടിടത്തോട് ചേർന്ന് മൂന്ന് നിലകളിലായി 525.982 ച. മീറ്റർ വിസ്തൃതിയിലാണ് പുതിയ കെട്ടിടം നിർമിക്കുക.
2.25 കോടി രൂപയാണ് നിർമാണ ചെലവ്. ലിഫ്റ്റ് ഉൾപ്പെടെയുള്ള ഇലക്ട്രിക്കൽ പ്രവൃത്തികൾക്കായി 40 ലക്ഷം രൂപയും എസ്റ്റിമേറ്റിൽ വകയിരുത്തിയിട്ടുണ്ട്. താഴത്തെ നിലയിൽ ഒരു ക്ലാസ് മുറിയും ഹാളും ഒന്നാം നിലയിൽ മൂന്ന് ക്ലാസ് മുറികളും രണ്ടാം നിലയിൽ ഒരു ടോയ്ലറ്റ് ബ്ലോക്ക്, സ്മാർട്ട് ക്ലാസ് റൂം എന്നിവയും നിർമിക്കും. ഇതോടൊപ്പം ഫയർ സേഫ്റ്റിക്കാവശ്യമായ ഓവർ ഹെഡ് ടാങ്ക് നിർമാണ പ്രവൃത്തിയും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആന്തൂർ നഗരസഭാ വൈസ് ചെയർപേഴ്സൺ വി സതീദേവി, സ്ഥിരം സമിതി അധ്യക്ഷരായ കെ.പി ഉണ്ണികൃഷ്ണൻ, ഓമന മുരളീധരൻ, വാർഡ് കൗൺസിലർമാരായ സി.പി മുഹാസ്, മോഹനൻ കുന്നിൽ, തളിപ്പറമ്പ് ഡി ഇ ഒ എസ് വന്ദന, പി ഡബ്ല്യു ഡി എക്സിക്യുട്ടിവ് എഞ്ചിനീയർ ഷാജി തയ്യിൽ, പ്രിൻസിപ്പൽ ഇൻ ചാർജ് സി അനീഷ്, ഹെഡ്മിസ്ട്രസ് എ സരിത, എസ് എം സി ചെയർമാൻ കെ.വി മുഹമ്മദ് അഷ്റഫ്, പി ടി എ പ്രസിഡന്റ് കെ.എം ബാലകൃഷ്ണൻ, മദർ പി ടി എ പ്രസിഡന്റ് എ പ്രിയ, ഒ.സി പ്രദീപ് കുമാർ, വി.വി രാജേഷ് എന്നിവർ സംസാരിച്ചു.