പുതിയങ്ങാടി ചൂട്ടാട് കടലിൽ കള്ള കടൽപ്രതിഭാസം നിരവധി വീടുകളിൽ വെള്ളംകയറി
പുതിയങ്ങാടി : പുതിയങ്ങാടി ചൂട്ടാട് കടലിൽ കള്ള കടൽപ്രതിഭാസം നിരവധി വീടുകളിൽ വെള്ളംകയറി. ബുധനാഴ്ച രാവിലെ 6:00 മണിക്ക് ആരംഭിച്ച കള്ളക്കടൽ പ്രതിഭാസം ഉച്ചവരെ നീണ്ടുനിന്നു. ശക്തമായ തിരമാലയിൽ കടൽ വെള്ളം ജനവാസ കേന്ദ്രങ്ങളിലേക്ക് ഇരച്ച് കയറി. പ്രദേശത്തെ കുടിവെള്ളം മലിനമായി. ചൂട്ടാട് ബീച്ചിലും വെള്ളം കയറി. തിരമാലകൾ ഉയർന്ന് കരയിലേക്ക് അടിച്ചു കയറുകയായിരുന്നു. പുതിയ വളപ്പ് പ്രദേശത്തെ പയനി ലക്ഷ്മി, റീസ പത്രോസ്, സുജാത എന്നിവരുടെ അടക്കം 15 ഓളം വീടുകളിൽ കടൽ വെള്ളം കയറി. പഴയങ്ങാടി പോലീസും സന്നദ്ധ സംഘടനയായ വൈറ്റ് ഗാർഡും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. കടലാക്രമണം രൂക്ഷമായതിനെ തുടർന്ന് ഇവിടെയുള്ള താമസക്കാർ ഭീതിയിലാണ്. എം വിജിൻ എംഎൽഎ, മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഹീദ് കായിക്കാരൻ, വില്ലേജ് ഓഫീസർ. മാടായി പഞ്ചായത്ത് സെക്രട്ടറി, വാർഡ് മെമ്പർ കെ എം സമദ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. ഉച്ചയ്ക്കുശേഷം അല്പം ശമനം വന്നിട്ടുണ്ടെങ്കിലും കടൽ പ്രക്ഷുബ്ധമാണ്.