ഭക്തിയുടെ നിറവിൽ മാടായിക്കാവിൽ നിറയുത്സവം നടന്നു; നിരവധി ഭക്ത ജനങ്ങൾ ക്ഷേത്രത്തിൽ എത്തി
പഴയങ്ങാടി : ഭക്തിയുടെ നിറവിൽ മാടായിക്കാവിൽ നിറയുത്സവം നടന്നു. നിരവധി ഭക്ത ജനങ്ങൾ ക്ഷേത്രത്തിൽ എത്തി. കർക്കിടകത്തിൻ്റെ കാർമേഘ ങ്ങളകന്ന് ചിങ്ങത്തെളിമയുടെ ഐശ്വര്യത്തെ വരവേൽക്കുന്ന നിറയുൽസവം മാടായിക്കാവിൽ അനുഷ്ഠാന പൂജാ വിശേഷങ്ങളോടെ നടന്നു. രാവിലെ 7.04 മുതൽ 9.07 വരെയുള്ള മുഹൂർത്തത്തിൽ ക്ഷേത്രം ഇളയ പിടാരർ ഉണ്ണികൃഷ്ണൻ പിടാരരുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
പുലയ സമുദായ ആചാരസ്ഥാനികനായ പൊള്ള കൊയ്ത് കൊണ്ട് വന്ന പുന്നെൽക്കതിർ തുടി വാദ്യത്തിൻ്റെ അകമ്പടിയോടെ ക്ഷേത്രത്തിൻ്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള പൊന്നു വെക്കുംതറ യിലേക്കെഴുന്നള്ളിച്ച് കൊണ്ടുന്നു. തുടർന്ന് ക്ഷേത്രം കഴകക്കാരായ അവകാശികൾ ക്ഷേത്രം അരയാൽത്തറയിലും തുടർന്ന് ക്ഷേത്രനടയിലുമെഴുന്നെള്ളിച്ച് വെച്ചു. മുഹൂർത്ത സമയത്ത് ഇളനീരഭിഷേകം ചെയ്ത് പൂജിച്ച കതിർക്കറ്റകൾ ക്ഷേത്രമണ്ഡപത്തിൽ പൂജിച്ച ശേഷം ശ്രീകോവിലുകളിൽ നിറയോലത്തോടൊപ്പം കെട്ടുകയും പുന്നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകുകയും ചെയ്തു. നിരവധി ഭക്ത ജനങ്ങളാണ് നിറയുത്സവത്തിൽ പങ്കെടുത്തത്.