മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന ഗുരുതര പിഴവ് വരുത്തിന് മട്ടന്നൂരിലെ എച്ച് എൻ സി ഹോസ്പിറ്റലിന് പിഴ ചുമത്തി
കണ്ണൂർ : തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡും മട്ടന്നൂർ നഗരസഭാ ആരോഗ്യ വിഭാഗവും നടത്തിയ സംയുക്ത പരിശോധനയിൽ തൊട്ടടുത്ത വാണിജ്യകെട്ടിടത്തിൻ്റെ സമീപത്തായി മാലിന്യം തള്ളിയതിനും ബയോ മെഡിക്കൽ മാലിന്യങ്ങൾ ഉൾപ്പെടെ അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന ഗുരുതര പിഴവ് വരുത്തിയതിനും മട്ടന്നൂരിലെ എച്ച് എൻ സി ഹോസ്പിറ്റലിന് മുപ്പതിനായിരം രൂപ പിഴ ചുമത്തി. മാസ്കുകൾ, സിറിഞ്ച് , രക്തം പുരണ്ട കോട്ടൺ എന്നിവ തൊട്ടടുത്ത സ്ഥാപനത്തിൻ്റെ ഒരു വശത്തായി തള്ളിയ നിലയിലാണ് പരാതി അന്വേഷിക്കാനെ ത്തിയ സംഘം കണ്ടത്.
ആശുപത്രി മാലിന്യങ്ങൾ കൈമാറാനായി ഇമേജുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും മാലിന്യങ്ങൾ കൃത്യമായി തരം തിരിച്ച് തൃപ്തികരമായി സൂക്ഷിച്ചിരുന്നില്ല. തുറസായ സ്ഥലത്ത് കൂട്ടിയിട്ട ചപ്പുചവറുകൾകൊപ്പം രക്തം പുരണ്ട പഞ്ഞി , ബാൻഡേജ് എന്നിവയും കണ്ടെത്തി. മാലിന്യം തരം തിരിച്ച് സൂക്ഷിക്കാതിരിക്കുക, പൊതുജ നാരോഗ്യത്തിന് ഹാനികരമായ രീതിയിൽ മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുക എന്നീ നിയമലംഘനങ്ങൾക്ക് മുൻസിപ്പൽ ആക്ടിലെ വിവിധ വകുപ്പുകൾ അനുസരിച്ചാണ് ഹോസ്പിറ്റലിന് പിഴ ചുമത്തിയത് .പരിശോധനയിൽ സ്ക്വാഡ് ലീഡർ എം ലജി, എൻഫോഴ്സ്മെൻ്റ് ഓഫീസർ അജയകുമാർ കെ.ആർ , സ്ക്വാഡ് അംഗം ഷരീകുൽ അൻസാർ , മട്ടന്നൂർ നഗരസഭ ക്ലീൻ സിറ്റി മാനേജർ കുഞ്ഞിരാമൻ കെ.കെ, പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ് .കെ.എം എന്നിവർ പങ്കെടുത്തു.