പഴയങ്ങാടി യൂണിറ്റിൽ കെസിസിപി ലിമിറ്റഡ് ഖനനം പൂർത്തിയായ 35 ഏക്കർ സ്ഥലത്ത് ബയോഡൈവേഴ്സിറ്റി ഏരിയയായി മാറ്റുന്നതിനുള്ള പദ്ധതി നടപ്പിലാക്കും
മാടായി : കണ്ണൂർ ജില്ലയിലെ മാടായി ഗ്രാമ പഞ്ചായത്തിലെ പഴയങ്ങാടി യൂണിറ്റിൽ കെസിസിപി ലിമിറ്റഡ് ഖനനം പൂർത്തിയായ 35 ഏക്കർ സ്ഥലത്ത് മാടായി പാറയുടെ ജൈവ വൈവിദ്ധ്യം സംരക്ഷിക്കാനും പരിപോഷിക്കാനും ആവാസ വ്യവസ്ഥ വീണ്ടെടുക്കുവാനും ഉതകും വിധം ഒരു ബയോഡൈവേഴ്സിറ്റി ഏരിയയായി മാറ്റുന്നതിനുള്ള പദ്ധതി നടപ്പിലാക്കും. ഇത് സംബന്ധിച്ച് കമ്പനി ഭരണസമിതി തീരുമാനിക്കുകയും സംസ്ഥാന സർക്കാരിന് പദ്ധതി സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിൻ്റെ അനുമതി ലഭിക്കുകയും ഈ സാമ്പത്തിക 3.10കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുമുണ്ട്. ഇതിൻ്റെ വിശദമായ പ്രൊജകട് റിപ്പോർട്ട് തയ്യാറാക്കാൻ തുടങ്ങി. 5 മാസത്തിനുള്ളിൽ ചുമതലപ്പെടുത്തിയ ഏജൻസി DPR തയ്യാറാക്കി നൽകും.തുടർന്ന് പദ്ധതി നടപ്പിലാക്കും.
മൈനിംഗ് ഏറിയയെ വീണ്ടെടുക്കുന്ന ഒരു മോഡൽ പ്രോജക്ടായിട്ടാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.നിരവധി വർഷങ്ങളായി പഴങ്ങാടിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളും ജനപ്രതിനിധികളും ഒരുപോലെ ഉന്നയിക്കുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിലൂടെ ജൈവവൈവിധ്യ പ്രദേശമായ ഈ മേഖലയിലെ ജൈവവ്യവസ്ഥ പൂർണ്ണമായും തിരിച്ചു പിടിക്കുവാൻ സഹായകരമാകും വിധമാണ് ഈ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ നേരിട്ടോ അല്ലാതെയോ ഉള്ള പ്രവർത്തന ഫലമായി പ്രകൃതിക്ക് എന്തെങ്കിലും ആഘാതം സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ അതേ പൊതുമേഖലാ സ്ഥാപനം തന്നെ സംസ്ഥാന സർക്കാരിന്റെ സഹായത്തോടുകൂടി നേരത്തേ ഉണ്ടായതിനെക്കാളും ഭംഗിയായി പ്രസ്തുത പ്രദേശത്തെ വീണ്ടെടുക്കുക എന്ന മാതൃകാ പ്രവർത്തനം ലോകത്തിന് തന്നെ പുതിയ മാതൃക സൃഷ്ടിക്കാൻ ഉതകും എന്ന കാര്യത്തിൽ സംശയമില്ല. ചെയർമാൻ ടി.വി. രാജേഷും മാനേജിംഗ് സയരക്ടർ ആനക്കൈ ബാലകൃഷ്ണനും പദ്ധതി പ്രദേശം സന്ദർശിച്ചു.