കൊതുകിന്റെ ഉറവിടനശീകരണം കൃത്യമായി നടത്തുന്നതിനായി കടകളിലും ഓഫീസുകളിലും ശനിയാഴ്ച ഡ്രൈ ഡേ
കണ്ണൂർ : കൊതുകിന്റെ ഉറവിടനശീകരണം കൃത്യമായി നടത്തുന്നതിനായി ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസിന്റെ നിർദേശം. വിദ്യാഭ്യാസസ്ഥാപനങ്ങൾ-വെള്ളിയാഴ്ച, ഓഫീസുകൾ, കടകൾ, മറ്റു സ്ഥാപനങ്ങൾ-ശനിയാഴ്ച, വീടുകൾ- ഞായറാഴ്ച എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. ലോക കൊതുകുനിവാരണ ദിനാചരണത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. കൊതുക് മുട്ടയിട്ടാൽ ഏഴ് മുതൽ 10 ദിവസം കൊണ്ട് ലാർവ വിരിഞ്ഞ് പുതിയ കൊതുകുകൾ പുറത്തുവരും. ഇത് തടയാനാണ് ഡ്രൈഡേ ആചരണം. ഡെങ്കിപ്പനി, മലേറിയ, ചിക്കുൻഗുനിയ, ജപ്പാൻ ജ്വരം, വെസ്റ്റ് നൈൽ ഫീവർ, സിക്ക, മന്ത് തുടങ്ങിയ രോഗങ്ങൾ പരത്തുന്നതിനാൽ കൊതുകുനിവാരണത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയൂഷ് എം.നമ്പൂതിരിപ്പാട് അറിയിച്ചു.
ഓഗസ്റ്റ് 20 ലോക കൊതുകു നിവാരണദിനമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ തോട്ടട എസ്.എൻ. കോളേജിൽ കോളേജ് വിദ്യാർഥികൾക്കായി പ്രശ്നോത്തരി നടത്തി. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സി.സച്ചിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ ഡോ. കെ.കെ.ഷിനി പ്രശ്നോത്തരി നയിച്ചു. രണ്ടാം വർഷ സുവോളജി പി.ജി. വിദ്യാർഥികളായ അനശ്വര മധു, എ.പി.ഫാതിമത് സന എന്നിവർ ഒന്നാം സ്ഥാനം നേടി. നിഹാര എം.പ്രശാന്ത്, എസ്.തീർഥ, അമേഘ ശ്രീകാന്ത്, കെ.ആദിത്യദാസ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.