നാഷണല്‍ സര്‍വീസ് സ്കീം സംഘടിപ്പിച്ച “നിസരി’ സംസ്ഥാന കലോത്സവത്തില്‍ കീരിടം സ്വന്തമാക്കി കണ്ണൂര്‍ സര്‍വകലാശാല
കണ്ണൂർ : നാഷണല്‍ സര്‍വീസ് സ്കീം (എന്‍എസ്എസ്) സംഘടിപ്പിച്ച “നിസരി’ സംസ്ഥാന കലോത്സവത്തില്‍ കീരിടം സ്വന്തമാക്കി കണ്ണൂര്‍ സര്‍വകലാശാല. 108 പോയിന്റ് സ്വന്തമാക്കിയാണ് നേട്ടം. ഡോ. ആര് എന്‍ അസര്‍ മെമ്മോറിയല്‍ എവറോളിങ് ട്രോഫിയും കണ്ണൂര്‍ സര്‍വകലാശാല സ്വന്തമാക്കി. 79 പോയിന്റ് നേടി മഹാത്മഗാന്ധി സര്‍വകലാശാലയ് ക്കാണ് രണ്ടാം സ്ഥാനം. കേരള ആരോഗ്യ സര്‍വകലാശാലയ്ക്കാണ് മൂന്നാം സ്ഥാനം. 66 പോയിന്റ്. “നല്ല സമൂഹം കെട്ടിപ്പടുക്കാൻ നല്ല യുവത’ എന്ന ആശയത്തിലൂന്നിയാണ് കലോത്സവം സംഘടിപ്പിച്ചത്. സര്‍വകലാശാലകള്‍, ഐഎച്ച്ആര്‍ഡി, ടെക്നിക്കല്‍ സെല്‍, ആരോഗ്യ സര്‍വകലാശാല, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എന്നിവ ഉള്‍പ്പെടെ 24 സെല്ലുകളിലെ കൗമാര പ്രതിഭകള്‍ മാറ്റുരച്ചു. തൃശൂര്‍ നഗരത്തില്‍ പത്തുവേദികളിലായി 30 ഇനങ്ങളില്‍ മത്സരം നടന്നു. സമാപന സമ്മേളനം തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന എൻഎസ്എസ് ഓഫീസർ ഡോ. ഡി ദേവിപ്രിയ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം സി ബി ഷക്കീല, ഡോ. കെ വി സുജിത് കുമാർ, ശരണ്യ ജസ്ലിൻ, എം വി പ്രതീഷ്, നിഷാദ് ഹമീദ്, ടി വി സതീഷ്, വിപിൻ കൃഷ്ണ എന്നിവർ സംസാരിച്ചു.