ട്വന്റി20 ലോകകപ്പിലെ സൂപ്പർ എ റൗണ്ടിൽ ആദ്യ മത്സരത്തിൽ ഇന്ത്യയെ തകർത്ത് ദക്ഷിണാഫ്രിക്ക
ട്വന്റി20 ലോകകപ്പിലെ സൂപ്പർ എ റൗണ്ടിൽ ആദ്യ മത്സരത്തിൽ ഇന്ത്യയെ തകർത്ത് ദക്ഷിണാഫ്രിക്ക. 76 റൺസിന്റെ വമ്പൻ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18.5 ഓവറിൽ 111 റൺസെടുത്തു പുറത്തായി. മാർക്കോ ജാൻസന്റെയും സ്പിൻ മാന്ത്രികൻ കേശവ് മഹാരാജിന്റെ യും കൃത്യതയാർന്ന ബൗളിങ്ങും ഡേവിഡ് മില്ലറുടെ തകർപ്പൻ അർധസെഞ്ചുറിയു മാണ് ഇന്ത്യയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. ജാൻസൻ നാലും കേശവ് മൂന്നും വിക്കറ്റുകൾ നേടി. 37 പന്തിൽ 42 റൺസെടുത്ത ശിവം ദുബെയും മൂന്നുവിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയും മാത്രമാണ് ഇന്ത്യൻ നിരയിൽ അൽപ്പമെങ്കിലും പൊരുതിനിന്നത്. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. 20ന് മൂന്ന് എന്ന നിലയിലായിരുന്ന പ്രോട്ടീസിനെ ഡിവാൾ ബ്രെവിസും ഡേവിഡ് മില്ലറും ചേർന്നാണ് കര കയറ്റിയത്. 35 പന്തിൽനിന്ന് 65 അടിച്ചെടുത്ത മില്ലറും 29 പന്തിൽനിന്ന് 45 എടുത്ത ബ്രെവിസും ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് നയിച്ചെങ്കിലും ഇരുവരുടെയും പുറത്താകലോടെ റണ്ണൊഴുക്ക് നിലച്ചു. അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കിയതോടെ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 187-ൽ ഒതുങ്ങി.