കണ്ണപുരം പെരുന്തോട്ടം നീലിയാർ ഭഗവതീ ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് തുടക്കമായി
കണ്ണൂർ : കണ്ണപുരം പെരുന്തോട്ടം നീലിയാർ ഭഗവതീ ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് തുടക്കമായി. ഉത്സവാഘോഷത്തിന്റെ ഭാഗമായി കലവറ നിറക്കൽ ഘോഷയാത്ര നടന്നു. ഏഴോം വടക്കൻസ് കലാസമിതിയുടെ ശിങ്കാരി മേളത്തോടെ ചെറുകുന്ന് കതിര് വെക്കും തറയിൽ നിന്നും ആരംഭിച്ച കലവറ നിറയ്ക്കൽ ഘോഷയാത്ര ക്ഷേത്രത്തിൽ സമാപിച്ചു.
18 ന് രാവിലെ മുതൽ ഒഴക്രോം വൈഖരിയുടെ നാരായണീയ പാരായണം,രാത്രി നീലിയാർ ഭഗവതി, കുട്ടിത്തെയ്യം, ഊർപ്പഴശ്ശി, വേട്ടയ്ക്കൊരു മകൻ തിറകളുടെ പുറപ്പാട്. 19 ന് ഞായറാഴ്ച പുലർച്ചേ ഉഗ്രമൂർത്തി പുള്ളിവേട്ടക്കൊരുമകൻ തിറ പുറപ്പാട് നടക്കും. ശനിയാഴ്ച രാത്രിയും ഞായറാഴ്ച ഉച്ചയ്ക്കും ഭക്തജനങ്ങൾക്ക് പ്രസാദ ഊട്ട് ഉണ്ടാവും. ‘ഓലച്ചൂട്ട് ‘ ഇവിടുത്തെ പ്രധാന വഴിപാടുകളിലൊന്നാണ്.19 ന് ഉച്ചതിരിഞ്ഞ് പുള്ളിവേട്ടക്കൊരുമകൻ പ്ലാവില തിരുമുടിയോടെ കളിയാട്ടം സമാപിക്കും.