റോഡിൽ പന്തൽ കെട്ടി സമരം; കോടതിയലക്ഷ്യ ഹർജി പ്രത്യേക ബെഞ്ച് പരിഗണിക്കും
കണ്ണൂർ : കണ്ണൂരിൽ ഗതാഗതം തടസ്സപ്പെടുത്തി റോഡിൽ പന്തൽകെട്ടി സമരം ചെയ്ത സി.പിഎം നേതാക്കൾക്കെതിരെ കോടതിയലക്ഷ്യ ഹരജി. കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ഫെബ്രുവരി 25ന് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിന് നേതൃത്വം നൽകിയ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ, നേതാക്കളായ ഇ.പി. ജയരാജൻ, പി. ജയരാജൻ, കെ.വി. സുമേഷ് എം.എൽ.എ, ചീഫ് സെക്രട്ടറി, ഡി.ജി.പി തുടങ്ങിയവരെ എതിർകക്ഷികളാക്കി മരട് സ്വദേശി എൻ. പ്രകാശാണ് ഹരജി നൽകിയത്. ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച പരിഗണിച്ചേക്കും.
കണ്ണൂർ കാർഗിൽ -യോഗശാല നാലുവരിപ്പാതയിലാണ് സമരം നടന്നത്. പന്തൽ കെട്ടുകയും കസേരകൾ നിരത്തിയിടുകയും ചെയ്തതിനാൽ രാവിലെ മുതൽ ഗതാഗതം വഴിതിരിച്ചുവിടേണ്ടിവന്നു. റോഡുകൾ വേറെയുമുണ്ടാകുമെന്നും ഹെഡ് പോസ്റ്റ് ഓഫിസ് വേറെയില്ലെന്നും ആളുകൾ കൂടുമ്പോൾ ഗതാഗതം തടസ്സപ്പെടുക സ്വാഭാവികമാണെന്നും എം.വി. ജയരാജൻ പ്രസംഗിച്ചതായി ഹരജിയിൽ പറയുന്നു. പൊലീസും ഉദ്യോഗസ്ഥരും ഗതാഗതതടസ്സം നീക്കാൻ ശ്രമിക്കാതെ നോക്കുകുത്തികളായെന്നും ഹരജിയിലുണ്ട്. വഞ്ചിയൂരിലെ സി.പി.എം ഏരിയ സമ്മേളനം, സെക്രട്ടേറിയറ്റിന് മുന്നിലെ ജോയന്റ് കൗൺസിൽ ഉപരോധം, ബാലരാമപുരത്തെ വനിത ജ്വാല ജങ്ഷൻ, എസ്.എഫ്.ഐയുടെ കേരള സർവകലാശാല മാർച്ച്, ആശ വർക്കർമാരുടെ സെക്രട്ടേറിയറ്റ് ധർണ തുടങ്ങിയവ സംബന്ധിച്ചും കോടതിയലക്ഷ്യ ഹരജികൾ നിലവിലുണ്ട്. ഇതിലേറെയും ഇതേ ഹരജിക്കാരനാണ് സമർപ്പിച്ചിട്ടുള്ളത്.