ക്ഷേത്രകല അക്കാദമി അവാർഡ് വിതരണം ഞായറാഴ്ച മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും
പഴയങ്ങാടി : ക്ഷേത്രകല അക്കാദമി അവാർഡ് വിതരണം ഞായറാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് എരിപുരത്തെ മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പട്ടിക ജാതി വികസന വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യുമെന്ന് വാർത്താസമ്മേളന ത്തിൽ ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന ദേവസ്വം വകുപ്പിന്റെ കീഴിൽ മലബാർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിൽ കണ്ണൂർ ജില്ലയിൽ മാടായിക്കാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ഷേത്രകലാ അക്കാദമിയുടെ 2022 വർഷത്തെ അവാർഡാണ് വിതരണം ചെയ്യുന്നത്.
പത്മഭൂഷൻ ഗായിക കെ എസ് ചിത്ര, പത്മശ്രീ രാമചന്ദ്ര പുലവർ, ഡോ: രാജശ്രീ വാര്യർ തുടങ്ങി 36 പ്രതിഭകളെയാണ് പുരസ്കാരം നൽകി ആദരിക്കുന്നത്. എം.വിജൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, മുൻ എംഎൽഎ ടിവി രാജേഷ്, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. അവാർഡ് വിതരണത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ അരങ്ങേറും. അവാർഡ് വിതരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രകല അക്കാദമി ചെയർമാൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ, കെ പത്മനാഭൻ, ഗോവിന്ദൻ കണ്ണപുരം, കൃഷ്ണൻ നടുവലത്ത്, വി.വി രമേശൻ എന്നിവർ അറിയിച്ചു.