കെ.സി.സി.പി.എൽ ഉം കേരള സർക്കാരും തമ്മിലുള്ള ബിസിനസ്സ് പ്ലാനും ധാരണാപത്രവും ഒപ്പിട്ടു
കണ്ണൂർ : പൊതുമേഖലാ സ്ഥാപനമായ
കെ.സി.സി.പി എല്ലിൻ്റെ പ്രവർത്തനം സംബന്ധിച്ച് ഓരോ മാസവും സർക്കാർ തലത്തിൽ മോണിറ്റർ ചെയ്യുന്നതിൻ്റെ ഭാഗമായി കമ്പനിയുടെ ഓരോ പ്രൊജക്റ്റുകളും പ്രവർത്തനങ്ങളും സംബഡിച്ച 2025-26 വർഷത്തെ ബിസിനസ്സ് പ്ലാനും ധാരണാ പത്രവും കെ.സി.സി.പിഎൽ ല്ലും സംസ്ഥാന വ്യവസായ വകുപ്പും തമ്മിൽ ഒപ്പിട്ടു. ചടങ്ങ് വ്യവസായ – നിയമ- കയർ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പ് പ്രൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനിഷ് ഐ.എ.എസ് അദ്ധക്ഷത വഹിച്ചു. വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആനി ജൂല ഐ.എ എസ്. സ്വാഗതം പറഞ്ഞു. മൈനിംഗ്& ജിയോളജി വകുപ്പ് ഡയരക്ടർ ഹരികുമാർ ഐ.എ എസ് സന്നിഹിതനായിരുന്നു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി. എം മുഹമ്മദ് ഹനീഷ് ഐ.എ.എസും കെ.സി.സി.പി എൽ മാനേജിംഗ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണനും തമ്മിലാണ് ധാരണാപത്രം ഒപ്പിട്ടത്. രണ്ടാം തവണയാണ് കേരള സംസ്ഥാന പൊതുമേഖലയിൽ സർക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും ബിസിനസ്സ് പ്ലാനും ധാരണാ പത്രവും ഒപ്പിടുന്നത്. ഇതിൻ്റെ ഭാഗമായി കമ്പനിയുടെ പ്രവർത്തനം ഓരോ മാസവും സർക്കാർ തലത്തിൽ വിലയിരുത്താനും അതിനനുസരിച്ച് കൂടുതൽ പുരോഗതി കൈവരിക്കുന്നതിനായി നിർദ്ദേശങ്ങൾ നൽകാനും സർക്കാരിനു കഴിയും.
തിരുവനന്തപുരത്ത് വെച്ചു നടന്ന ചടങ്ങിൽ ആനി ജൂല തോമസ് ഐ.എ.എസ് സ്വാഗതം പറഞ്ഞു. ബിപിടി എക്സിക്യൂട്ടീവ് ചെയർമാൻ കെ.അജിത്കുമാർ 2024-25 സാമ്പത്തിക വർഷത്തെ പെർഫോമൻസ് അവലോകനം ചെയ്തുള്ള പ്രസൻ്റേഷൻ നടത്തി. ബി.പിടി .സെക്രട്ടറി പി. സതീഷ് കുമാർ നന്ദി പറഞ്ഞു.വൈവിധ്യവൽക്കരണ പദ്ധതികളിലൂടെ പ്രതിസന്ധികളെ അതിജീവിച്ച് മികച്ച പ്രവർത്തനവുമായി കെ.സി.സി.പി.എൽ മുന്നേറുമ്പോൾ വലിയ അംഗീകാരമാണ് സർക്കാരിൽ നിന്നും പ്രത്യേകിച്ച് വ്യവസായ വകുപ്പിൽ നിന്നും ലഭിച്ചു വരുന്നത്. ഈ സാമ്പത്തിക വർഷം 129.73 കോടി രൂപ വിറ്റുവരവും 6 കോടി രൂപ ലാഭവും കൈവരിക്കണ മെന്നാണ് ബിസിനസ്സ് പ്ലാൻ വിഭാവനം ചെയ്യുന്നത്. ചെയർമാൻ ടി.വി. രാജേഷിൻ്റെ നേതൃത്വത്തിലുള്ള ഭരണ സമിതി അംഗീകാരം നൽകിയതിനു ശേഷമാണ് നിർദ്ദേശങ്ങൾ സർക്കാരിലേക്ക് സമർപ്പിച്ചത്.