സീഡ് സൊസൈറ്റി തട്ടിപ്പിനെതിരെ ചക്കരക്കൽ സ്റ്റേഷനിലും നിരവധിപേർ പരാതിയുമായി എത്തി
കണ്ണൂർ : സീഡ് സൊസൈറ്റി തട്ടിപ്പിനെതിരെ ചക്കരക്കൽ സ്റ്റേഷനിലും നിരവധിപേർ പരാതിയുമായി എത്തി. എടക്കാട് സീഡ് സൊസൈറ്റിക്ക് കീഴിൽ വരുന്ന മുണ്ടേരിയിൽ നിന്ന് മാത്രം നൂറോളം പേർ ചക്കരക്കൽ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിൽ ആണ് എടക്കാട് സീഡ് സൊസൈറ്റി എന്ന പേരിൽ മുണ്ടേരി മൊട്ടയിൽ ഓഫീസ് പ്രവർത്തനമാരച്ചത്. മുണ്ടേരിയിലെ സൽമത്ത് കോഡിനേറ്ററും, സെനീന, സെറീന, റിയ എന്നിവർ പ്രമോട്ടർമാരുമാണ്. നിരവധിപേർ മെമ്പർഷിപ്പ് എടുക്കുകയും ആവശ്യപ്പെട്ടവർ ക്ക് തയ്യൽ മിഷൻ, വാട്ടർടാങ്ക്, ലാപ്ടോപ്പ്, ഓണക്കിറ്റ്, എന്നിവയും പകുതി വിലക്ക് നൽകി ജനങ്ങളെ വിശ്വാസത്തിലെടുക്കുക യും ചെയ്തു.
തുടർന്നാണ് പകുതി വിലക്ക് സ്കൂട്ടർ ലഭിക്കുമെന്ന് പറഞ്ഞ 60,000 രൂപ ഉപഭോക്താക്കളിൽനിന്ന് ഈടാക്കിയത്. ഇതിൽ മുണ്ടേരിയിൽ നിന്ന് മാത്രം നൂറോളം പേർ പണം അടച്ചതായി പറയുന്നു. ഇതിൽ ഹോംഅപ്ലെയിനും ചേർത്ത് തൊണ്ണൂരായിരം രൂപ വരെ അടച്ചവരുണ്ട്. ഇവരാണ് ചക്കരക്കൽ സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. കോഡിനേറ്ററേയും പ്രമോട്ടർമാരേയും ബന്ധപ്പെട്ടപ്പോൾ കേസ് കൊടുക്കാൻ പാടില്ലെന്നും നിങ്ങളുടെ പൈസ തിരിച്ചുകിട്ടുക തന്നെ ചെയ്യും എന്നും പറഞ്ഞിരുന്നതായും എന്നാൽ അതിൽ വിശ്വാസമില്ലാത്തതിനാലാണ് പരാതി നൽകാൻ തീരുമാനിച്ചതെന്നും പണം നഷ്ടപ്പെട്ട മുണ്ടേരിയിലെ മുംതാസ് പറഞ്ഞു. എടക്കാട് സീഡിൻ്റെ കീഴിലുള്ള മുണ്ടേരി, കടമ്പൂര്, ചെമ്പിലോട്, കൊളച്ചേരി, അഞ്ചരക്കണ്ടി തുടങ്ങി അഞ്ച് പഞ്ചായത്തിലെ എല്ലാ പരാതികളും ഉൾപ്പെടുത്തിക്കൊണ്ട് എഫ്.ഐ.ആർ. ചെയ്യുമെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും ചക്കരക്കൽ സ്റ്റേഷനിന്ന് അറിയിച്ചതായി പരാതിക്കാർ പറഞ്ഞു.