കഞ്ചിക്കോട് കിൻഫ്രാ പാർക്കിൽ കെസിസിപി ലിമിറ്റഡ് പെട്രോൾ പമ്പ് ആരംഭിക്കുന്നു
പാപ്പിനിശ്ശേരി : കേരള സർക്കാരിന്റെ വ്യവസായ വകുപ്പിൻ കീഴിൽ കണ്ണൂർ ജില്ലയിൽ പാപ്പിനിശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡിന്റെ വൈവിദ്ധ്യവൽക്കരണ പദ്ധതികളുടെ ഭാഗമായ അഞ്ചാമത്തെ പെട്രോൾ പമ്പ് പാലക്കാട് കഞ്ചിക്കോട് കിൻഫ്രാ പാർക്കിൽ ആരംഭിക്കുകയാണ്. പമ്പിന്റെ ശിലാസ്ഥാപന കർമ്മം കെസിസിപിഎൽ മാനേജിങ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.പ്രസീത നിർവ്വഹിച്ചു. കമ്പനിയുടെ ഡയരക്ടർ മാത്യൂസ് കോലഞ്ചേരി വർക്കി സ്വാഗതം ആശംസിച്ചു. മാനേജർ (ടെക്നിക്കൽ) നിഖിൽ സാജ് നന്ദി പറഞ്ഞു.
കമ്പനിയുടെ മറ്റ് ഡയരക്ടർമാരായ എസ്.ബൈജുകുമാർ, ശ്രീരാജ്.എസ്.എസ്, സിപിഐഎം ഏരിയ സെക്രട്ടറി എസ്.സുഭാഷ് ചന്ദ്രബോസ്, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.അജീഷ്, വാർഡ് മെമ്പർമാരായ ആർ.മിൻമിനി, എം. ഷൺമുഖൻ, വി.മുരളി കൃഷ്ണൻ (മാനേജർ, കിൻഫ്ര- പാലക്കാട്) എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷനുമായി സഹകരിച്ചാണ് പമ്പ് ആരംഭിക്കുന്നത്. മൂന്ന് മാസത്തിനകം പെട്രോൾ പമ്പ് പ്രവർത്തനക്ഷമമാകും. ഇതോടൊപ്പം സിഎൻജി (ഗ്യാസ്) സംവിധാനവും വൈദ്യുതി ചാർജിങ് സ്റ്റേഷനും സ്ഥാപിക്കും. പാപ്പിനിശ്ശേരിയിൽ സിഎൻജി (ഗ്യാസ്) സംവിധാനവും വൈദ്യുതി ചാർജിങ് സ്റ്റേഷനും 3 മാസത്തിനകം പൂർത്തീകരിക്കും. നിലവിൽ കണ്ണൂർ ജില്ലയിൽ പാപ്പിനിശ്ശേരി, മാങ്ങാട്ട്പറമ്പ്, നാടുകാണി എന്നിവിടങ്ങളിൽ പെട്രോൾ പമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. കാസർഗോഡ് ജില്ലയിൽ കരിന്തളത്ത് പെട്രോൾ പമ്പിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു.