ഏഴോം മുട്ടുകണ്ടി പ്രദേശത്ത് മാലിന്യം തള്ളലിന് അറുതിയില്ല; പ്രദേശം പകർച്ച വ്യാധി ഭീഷണിയിലാണ്
പഴയങ്ങാടി : ഏഴോം മുട്ടുകണ്ടി പ്രദേശത്ത് മാലിന്യം തള്ളലിന് അറുതിയില്ല. പ്രദേശം പകർച്ച വ്യാധി ഭീഷണിയിലാണ്. കണ്ടൽക്കാടുകൾക്കിടയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ ചാക്ക് കണക്കിന് ആണ് തള്ളിയിരിക്കുന്നത്. ജില്ലയിലെ അപൂർവമായ കണ്ടൽ കാടുകൾ ഉള്ള പ്രദേശം കൂടിയാണ് ഇത്. ഏഴോം പഞ്ചായത്തിലെ മുട്ടുകണ്ടി പ്രദേശത്താണ് വ്യാപകമായി മാലിനും തള്ളിയിരിക്കുന്നത്. പഴങ്ങാടി പുഴയുടെ തീരത്തെ കണ്ടൽക്കാടുകൾക്കിടയിലാണ് കൂടുതൽ മാലിന്യങ്ങൾ ഉള്ളത്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മറ്റും ഉള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും മദ്യക്കുപ്പികളും ഡയപ്പറുകളും അറവു മാലിന്യങ്ങളും ഉൾപ്പെടെ ഇവിടെ തള്ളിയിരിക്കുകയാണ്. അതിനാൽ തന്നെ തെരുവ് നായകളുടെ ശല്യവും രൂക്ഷമാണ്. ഏഴോം പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ ക്യാമറ സ്ഥാപിച്ചിരുന്നു. എന്നാൽ ക്യാമറയെ വെട്ടിച്ചാണ് മാലിന്യം തള്ളുന്നത്. സമീപത്ത് നടക്കുന്ന ടൂറിസം പദ്ധതിയുടെ നിർമ്മാണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങളും ഇവിടെ കൂട്ടിയിട്ടുണ്ട്. അധികൃതർ പ്രശ്നത്തിൽ ഇടപെടണം എന്നാണ് ജനങ്ങളുടെ ആവശ്യം.