ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽപ്പെട്ട യുവതിക്ക് രക്ഷകരായി കണ്ണൂർ റെയിൽവേ പോലീസ്
കണ്ണൂർ : ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ പ്പെട്ട യുവതിക്ക് രക്ഷകരായി കണ്ണൂർ റെയിൽവേ പോലീസ്. വെള്ളിയാഴ്ച വൈകീട്ട് 6.40-ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ട്രെയിൻ മാറിക്കയറിയതിനെ തുടർന്ന് വേഗത്തിൽ ഇറങ്ങുമ്പോൾ വണ്ടിക്കും പ്ലാറ്റ്ഫോമിനും ഇടയിൽ യുവതി വീഴുകയായിരുന്നു. ഇതുകണ്ട ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പോലീസ് ഉദ്യോഗസ്ഥർ ഉടൻ യുവതിയെ രക്ഷിക്കുകയായിരുന്നു. എറണാകുളത്തേക്ക് യാത്ര ചെയ്യേണ്ടിയിരുന്ന യുവതി മംഗളൂരുഭാഗത്തേക്കുള്ള പരശുറാം എക്സപ്രസിൽ മാറിക്കയറുകയായിരുന്നു. ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോഴാണ് വണ്ടി മാറിയത് അറിഞ്ഞത്. ഉടൻ ചാടി ഇറങ്ങുന്നതിനിടെ പിടിവിട്ടാണ് യുവതി വീണത്. റെയിൽവേ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. സുധീഷ്കുമാറും സിവിൽ പോലീസ് ഓഫീസർ പി.വി. റെനീഷുമാണ് യുവതിയ്ക്ക് രക്ഷകരായത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.