കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു പിന്നാലെ ഗുസ്തി താരം ബജ്രംഗ് പുണിയയ്ക്ക് വധഭീഷണി
ചണ്ഡീഗഢ് : കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു പിന്നാലെ ഗുസ്തി താരം ബജ്രംഗ് പുണിയയ്ക്ക് വധഭീഷണി. കോണ്‍ഗ്രസ് വിട്ടില്ലെങ്കില്‍ അനന്തരഫലം അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളാന്‍ ആയിരുന്നു ഭീഷണി സന്ദേശം. ഞായറാഴ്ചയാണ് അന്താരാഷ്ട്ര നമ്പറില്‍നിന്നും വാട്സാപ്പില്‍ ഭീഷണിസന്ദേശം ലഭിച്ചത്. സംഭവത്തിൽ പുണിയ ബാല്‍ഗഢ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പോലീസ് അന്വേഷണം ആരംഭിച്ചു.
‘ബജ്രംഗ്, കോണ്‍ഗ്രസ് വിടുന്നതാവും നിങ്ങള്‍ക്കും കുടുംബത്തിനും നല്ലത്. ഇത് അവസാനത്തെ മുന്നറിയിപ്പാണ്. ഞങ്ങളാരാണെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് നിങ്ങളെ കാണിച്ചുതരും. എവിടെ വേണമെങ്കിലും പരാതിപ്പെട്ടോളൂ, ഇത് ഞങ്ങളുടെ ആദ്യത്തേയും അവസാനത്തേയും മുന്നറിയിപ്പാണ്’ എന്നായിരുന്നു സന്ദേശത്തില്‍ പറഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുണിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. റെയില്‍വേയില്‍നിന്ന് രാജിവെച്ചായിരുന്നു ഇരുവരുടേയും രാഷ്ട്രീയപ്രവേശം. പിന്നാലെ വിനേഷ് ഫോഗട്ടിനെ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജുലാന മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. ബജ്രംഗ് പുണിയയെ കിസാന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായും നിയമിച്ചിരുന്നു.