കണ്ണൂർ ജില്ലയിൽ ഒരു ഷിഗെല്ല കേസ് കൂടി റിപ്പോർട്ട് ചെയ്തു
കണ്ണൂർ :ജില്ലയിൽ ഒരു ഷിഗെല്ല കേസ് കൂടി റിപ്പോർട്ട് ചെയ്തു. കൂത്തുപറമ്പ് മൂര്യാട്ടെ 62 വയസ്സുകാരിക്കാണ് പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. വയറിളക്കം, മലത്തിലൂടെ കഫം, രക്തം പോവുക എന്നീ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം ആരോഗ്യ വകുപ്പ് അന്വേഷിച്ചുവരികയാണ്.
ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ വിളിച്ചു ചേർത്ത പകർച്ച വ്യാധി പ്രതിരോധ അവലോകന യോഗത്തിൽ ജില്ലാ കളക്ടർ, ഡി എം ഒ എന്നിവർ ജില്ലയിലെ സ്ഥിതി വിശദീകരിച്ചു. പനി, ആശുപത്രി സന്ദർശനം എന്നീ വേളകളിൽ മാസ്ക് ഉപയോഗിക്കാൻ പൊതുജനങ്ങളോടും ആരോഗ്യ പ്രവർത്തകരോടും നിർദേശിക്കണമെന്നും സ്കൂളുകൾ കേന്ദ്രീകരിച്ച് രോഗ പ്രതിരോധ നടപടികൾ ഊർജിതമാക്കണമെന്നും മന്ത്രി നിർദേശിച്ചു. ഉത്സവകാലമായതിനാൽ കൊട്ടിയൂരിൽ ആവശ്യമായ ആരോഗ്യ സുരക്ഷാ മുൻ കരുതലുകൾ സ്വീകരിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടർ യോഗത്തെ അറിയിച്ചു.
ജില്ലയിലെ പകർച്ച വ്യാധി പ്രതിരോധ പ്രവർത്തങ്ങളുടെ അവലോകനവുമായി ബന്ധപ്പെട്ട് ഡിഎംഒ ഡോ കെ സി സച്ചിന്റെ അധ്യക്ഷതയിൽ ജില്ലാ തല സംയോജിത രോഗ നിരീക്ഷണ സമിതി യോഗം ചേർന്നു. ആരോഗ്യ വകുപ്പിലെ വിവിധ പ്രോഗ്രാം ഓഫീസർമാർ പങ്കെടുത്തു. ജില്ലയിൽ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്ത രോഗങ്ങളെ കുറിച്ച് വിശദമായ വിലയിരുത്തൽ നടത്തി.
പകർച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട മറ്റ് നിർദേശങ്ങൾ
ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്ക് കർശനമായ പ്രതിവാര നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുകയും ഒപ്പം ഹെപ്പറ്റൈറ്റിസ് എ കേസുകൾ കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുക.
എല്ലാ സ്കൂളുകളിലും കൈകഴുകുന്നതിനുള്ള ശരിയായ സൗകര്യങ്ങളും ശുചിത്വ പരിപാടികളും ഉറപ്പാക്കുക.വെള്ളിയാഴ്ചകളിൽ സ്കൂളുകളിൽ ഡ്രൈ ഡേ ആചരിക്കുക.കൊതുക് നശീകരണത്തിനായി വീടുകൾ, സ്ഥാപനങ്ങൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ കർശനമായി ആചരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും നിരീക്ഷിക്കുകയും ചെയ്യുക.ശുചിത്വവും രോഗപ്രതിരോധവും സംബന്ധിച്ച് ജനങ്ങളുടെ പെരുമാറ്റത്തിൽ മാറ്റം വരുത്താൻ ലക്ഷ്യമിട്ടുള്ള ഊർജ്ജിതമായ ഇൻഫർമേഷൻ, എഡ്യൂക്കേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ കാമ്പയിനുകൾ ആരംഭിക്കുക.