കണ്ണൂരിൽ തെയ്യം കലാകാരന് മുന്നിൽ തെരുവുനായ്ക്കൾ; അട്ടഹസിച്ച്, ചിലമ്പ് കിലുക്കിതോടെ തെരുവുനായ്ക്കൂട്ടം ഓടി മറഞ്ഞു
കണ്ണൂർ : നടുവിൽ ബാലവാടിക്കു സമീപം തെയ്യത്തിനു നേരെ കുരച്ചുചാടി തെരുവുനായ്ക്കൾ. കഴിഞ്ഞ ദിവസം പുലർച്ചെ പെരുവാറ്റിന് ഇറങ്ങിയ തെയ്യത്തിനു നേരെയാണു തെരുവുനായ് ക്കൂട്ടം കുരച്ചുകൊണ്ടെത്തിയത്. തെയ്യം അട്ടഹസിക്കുകയും ചിലമ്പ് കിലുക്കുകയും ചെയ്തതോടെ നായ്ക്കൾ തിരിഞ്ഞോടുക യായിരുന്നു. നടുവില്‍ പള്ളിത്തട്ട് മന്നൻകണ്ടി തറവാട് ദേവസ്ഥാനത്തു കെട്ടിയാടിയ ആലക്കുന്ന് ചാമുണ്ഡി തെയ്യം, ചുഴലി ഭഗവതി ക്ഷേത്രം, പൊള്ളോലിടം, ഒതയോത്തിടം തറവാട്ട് ദേവസ്ഥാനങ്ങള്‍ സന്ദർശിക്കുന്ന ചടങ്ങാണ് പെരുവാറ്റ് പാച്ചില്‍ എന്നറിയപ്പെടുന്നത്. പുലർച്ചെ തെയ്യം കെട്ടിയാടിയ സ്ഥലത്തു നിന്നും അകമ്പടിക്കാരോ, വാദ്യക്കാരോ ഇല്ലാതെ ഒറ്റയ്ക്കാണ് തെയ്യം ഇവിടങ്ങളില്‍ എത്തി തിരിച്ചു പോരുന്നത്. മുമ്പു കാലങ്ങളില്‍ ആള്‍പ്പെരുമാറ്റമില്ലാത്ത നാട്ടുവഴികളിലൂടെ നേരിയ വെളിച്ചത്തില്‍ വേഗത്തില്‍ പായുകയാണ് പതിവ്. കഴിഞ്ഞദിവസം ആചാരപ്രകാരം ചുഴലി ഭഗവതി ക്ഷേത്രവും പൊള്ളോലിടവും സന്ദർശിച്ച ശേഷം ഇടറോഡിലൂടെ ഒതയോത്തിടത്തി ലേക്ക് പോവുമ്പോഴാണ് മൂന്ന് തെരുവുനായ്ക്കള്‍ ചീറിയടുത്തത്. തളിപ്പറമ്പ് ബാറിലെ അഭിഭാഷകനായ എ.പി. കണ്ണൻ ജന്മാവകാശിയായി തുടരുന്ന ദേവസ്ഥാനത്ത് ഇത്തവണ അദ്ദേഹത്തിന്റെ മകൻ 19കാരനായ ആദിത്യനാഥാണ് കോലമണിഞ്ഞത്.