രണ്ടാം അങ്കം ഇന്ന്; കണ്ണൂര്‍ വാരിയേഴ്സ് എഫ്.സിയും തിരുവനന്തപുരം കൊമ്പന്‍സ് എഫ്.സിയും ഏറ്റുമുട്ടും
കണ്ണൂർ : അവസാന സെക്കൻഡുകളിലെ പിഴവിൽ വെള്ളിയാഴ്ച തൃശൂർ മാജിക് എഫ്.സിയോട് കൈവിട്ടു പോയ വിജയം തേടി കണ്ണൂർ വാരിയേഴ്സ് സ്വന്തം തട്ടകത്തിൽ ഇന്ന് വീണ്ടും പന്ത് തട്ടുന്നു. ഇത്തവണ ജവഹർ സ്റ്റേഡിയത്തിൽ തിരുവനന്തപുരം കൊമ്പൻസാണ് എതിരാളികൾ. രാത്രി 7.30നാണ് മത്സരം. സീസണിലെ ആദ്യ പോരാട്ടത്തിൽ കൊമ്പൻസിന്റെ വേദിയിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ജയിച്ചു കയറിയതിന്റെ ആത്മവിശ്വാസവുമായി വാരിയേഴ്സ് പോരിനിറങ്ങുമ്പോൾ ആ തോൽവിക്ക് കണക്ക് തീർക്കുകയാണ് കൊമ്പൻസിന്റെ ലക്ഷ്യം. സ്വന്തം തട്ടകത്തിൽ കാണികളുടെ നിറപിന്തുണയുമായി പന്ത് തട്ടുന്ന വാരിയേഴ്സിന് ജയത്തിൽ കുറഞ്ഞ ലക്ഷ്യമില്ല.
ആദ്യ സീസണില്‍ മികച്ച പ്രകടനം കാഴ്ച വെച്ച കൊമ്പന്‍സിന്റെ ക്യാപ്റ്റന്‍ പാട്രിക്ക് മോട്ട ഫോമിലെത്താത്തത് ഇത്തവണ ടീമിന്റെ മൊത്തം പ്രകടനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇടതു വിങ്ങില്‍ ബ്രസീലിയര്‍ താരം റൊണാൾഡ് ഒറ്റപ്പെട്ട നീക്കങ്ങളിലൂടെ എതിരാളികൾക്ക് തലവേദന സൃഷ്ടിക്കുന്നുണ്ടെങ്കിലും കളിക്കാരുടെ സ്ഥിരതയില്ലായ്മയും ടീമിനെ അലട്ടുന്നു. മികച്ച ഫോമിലുള്ള ഗോള്‍ കീപ്പര്‍ ആര്യനാണ് പലപ്പോഴും ടീമിന്റെ രക്ഷക്കെത്തുന്നത്. പാട്രിക്ക് മോട്ടക്കൊപ്പം അസറും ഔട്ടമെര്‍ ബിസ്പോയും താളം കണ്ടെത്തിയാൽ ആതിഥേയരോട് ഒരു കൈനോക്കാവുന്ന വരാണ് കൊമ്പൻസ്. എങ്ങനെയായാലും കാൽപന്ത് കളിയുടെ മികവാർന്ന വിസ്മയ കാഴ്ചകളിലേക്ക് ഒരിക്കൽ കൂടി കണ്ണയക്കുകയാണ് കണ്ണൂർ.