കാട്ടുപോത്തിടിച്ച് സബ് ഇൻസ്പെക്ടറുടെ കാർ തകർന്നു; കാറിന്റെ മുൻഭാഗമാണ് പൂർണമായും തകർന്നത്
കാസർഗോഡ് : കാട്ടുപോത്തിടിച്ച് സബ് ഇൻസ്പെക്ടറുടെ കാർ തകർന്നു. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. വി. രാജന്റെ കാറിന്റെ മുൻഭാഗമാണ് പൂർണമായും തകർന്നത്. വെള്ളിയാഴ്ച പുലർച്ചെ 3.45-ന് ബോവിക്കാനം-കുറ്റിക്കോൽ റോഡിൽ ചിപ്ലിക്കയയിലാണ് സംഭവം. രാജൻ പരിക്കില്ലാതെ രക്ഷപ്പെട്ടു. മുന്നാട്ടെ വീട്ടിൽനിന്ന് ബോവിക്കാനത്തേക്ക് വരുമ്പോൾ കാട്ടുപോത്ത് റോഡിലേക്ക് ചാടുകയായിരുന്നു. കാറിന്റെ മുൻഭാഗവും ചില്ലും പൂർണമായും തകർന്നു. മൈസൂരുവിൽ ബിരുദാനന്തരബിരുദ വിദ്യാർഥിയായ മകൾ പുലർച്ചെ നാലിന് ബോവിക്കാനത്തേക്ക് ബസിൽ വരുന്നുണ്ടായിരുന്നു. മകളെ കൂട്ടാൻ വരികയായിരുന്നു. ഇടിച്ച കാട്ടുപോത്ത് കാട്ടിലേക്ക് ഓടിമറഞ്ഞു. കാറ് കേടാതായതിനാൽ സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് രാജൻ വീട്ടിലേക്ക് പോയത്.
വന്യമൃഗങ്ങൾ റോഡ് മുറിച്ചുകടക്കുന്നതിനാൽ വാഹനങ്ങൾ വേഗം കുറയ്ക്കണമെന്ന മുന്നറിയിപ്പ് ബോർഡ് വനംവകുപ്പ് മുളിയാർ പഞ്ചായത്തിലെ പാതയോരങ്ങളിൽ കഴിഞ്ഞദിവസം സ്ഥാപിച്ചിരുന്നു. അപകടം നടന്ന സ്ഥലത്തുനിന്ന് 200 മീറ്റർ അകലെയും മുന്നറിയിപ്പ് ബോർഡുണ്ട്. ഇതു സംബന്ധിച്ച് മാതൃഭൂമി ജൂൺ ഒൻപതിന് വാർത്ത നൽകിയിരുന്നു. കാസർകോട് നഗരത്തിൽനിന്ന് അധികം ദൂരെയല്ലാത്ത സ്ഥലങ്ങളാണെങ്കിലും മുളിയാറിലും ബോവിക്കാനത്തും ആനയും കാട്ടുപോത്തുമൊക്കെ ഇറങ്ങാറുണ്ട്. കഴിഞ്ഞദിവസം കളമശ്ശേരിയിൽ ബൈക്കിൽ പോത്തിടിച്ച് ചെറുകുന്ന് കണ്ണപുരം സ്വദേശി കാരക്കൽ വീട്ടിൽ അജയ് രമേഷ് മരിച്ചിരുന്നു.