വളപട്ടണം സ്റ്റേഷനിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കുമെതിരേ നടപടിയാവശ്യപ്പെട്ട് വിജിലൻസ് റിപ്പോർട്ട്
കണ്ണൂർ : വളപട്ടണം സ്റ്റേഷനിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കുമെതിരേ നടപടിയാവശ്യപ്പെട്ട് വിജിലൻസ് റിപ്പോർട്ട്. മേയ് 29-ന് വിജിലൻസ് ഡിവൈ.എസ്.പി. പി. മധുസൂദനൻ നായരുടെ നേതൃത്വത്തിൽ നാലംഗസംഘം നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. കടവുകളിൽനിന്ന് പിടിച്ചെടുത്ത മണൽ പോലീസുകാർ തിരിമറി നടത്തിയെന്ന ആരോപണത്തെ തുടർന്നായിരുന്നു റെയ്ഡ്. ഇതേതുടർന്നാണ് നടപടി ശുപാർശ.
സ്റ്റേഷനിലെ ചില പോലീസുകാർക്ക് മണൽക്കടത്ത് സംഘവുമായി നല്ല അടുപ്പമുണ്ടെന്ന് വിജിലൻസ് കണ്ടെത്തി. ഇവർക്കെതിരേ വകുപ്പുതല അന്വേഷത്തിനും ശുപാർശ ചെയ്തിട്ടുണ്ട്. വിശദ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് നൽകി. മണൽവാരുന്നതിനിടെ പിടിച്ച നാല് യന്ത്രവത്കൃതതോണികളുടെ എൻജിൻ കാണാനില്ലെന്ന് വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. ഈ എൻജിൻ പോലീസ് ഉദ്യോഗസ്ഥരുടെ അറിവോടെ മണൽക്കടത്ത് സംഘത്തിന് തിരിച്ചുകൊടുത്തതായി സംശയിക്കുന്നു. മണൽക്കടത്തുസംഘങ്ങളിൽനിന്ന് ചില പോലീസ് ഉദ്യോഗസ്ഥർ പണം വാങ്ങുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. പ്രധാനമായും വളപട്ടണം, പാപ്പിനിശ്ശേരി, കീരിയാട്, കാട്ടാമ്പള്ളി തുടങ്ങിയ കടവുകളിലാണ് മണൽവാരുന്നത്. മറുനാടൻ തൊഴിലാളികളുടെ സഹായത്തോടെയാണ് മണൽ വാരൽ. അർധരാത്രിയോടെ ടിപ്പർ ലോറികളിൽ കയറ്റി ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.