വിട നല്കി കേരളം; നടി കവിയൂർ പൊന്നമ്മയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി
നടി കവിയൂർ പൊന്നമ്മയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ആലുവയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം. അർബുദ രോഗബാധിതയായിരുന്നു. കുറച്ചുനാളായി സിനിമാജീവിതത്തിൽ നിന്ന് മാറി വിശ്രമജീവിതം നയിക്കുകയായിരുന്നു കവിയൂർ പൊന്നമ്മ. ചെറിയ പ്രായത്തിൽ തന്നെ മലയാള സിനിമയിലെത്തിയ പൊന്നമ്മ പ്രമുഖരായ അനേകം അഭിനേതാക്കളുടെ ഒപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാള നാടക വേദികളിലും പൊന്നമ്മ ഒരു പ്രത്യേക സ്ഥാനം പിടിച്ചിരുന്നു. 2021 ൽ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന ആന്തോളജി ചിത്രത്തിൽ നെടുമുടി വേണുവിനൊപ്പം അഭിനയിച്ചു. ഇതാണ് അവസാനചിത്രം.
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി,ജോഷി, സത്യൻ അന്തിക്കാട് അങ്ങനെ സിനിമാ ലോകത്തെ പ്രമുഖരൊക്കെയും മലയാള സിനിമയുടെ അമ്മയ്ക്ക് ആദരം അർപ്പിക്കാൻ വന്നു. സംസ്ഥാന സർക്കാരിനെ പ്രതിനിധികരിച്ച് മന്ത്രി പി രാജീവ് റീത്ത് അന്ത്യാഞ്ജലി അർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കളമശ്ശേരിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട പൊതുദർശനത്തിനുശേഷം മൃതദേഹം ആലുവ കരുമാലൂരിലെ പൊന്നമ്മയുടെ വീട്ടിലേക്ക് കൊണ്ടുപോയി. വൈകിട്ട് നാല് മണിയോടെ വിട്ടുവളപ്പിൽ വെച്ച് ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. രണ്ട് ദിവസം മുമ്പ് മാത്രം അമേരിക്കയിലേക്ക് മടങ്ങിയ ഏക മകൾക്ക് സംസ്കാര ചടങ്ങിന് എത്താനായില്ല. ഇളയ സഹോദരനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.