കെ ബി ഗണേഷ് കുമാര്‍ എന്‍എസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് പുറത്ത്
കോട്ടയം: കെ ബി ഗണേഷ് കുമാര്‍ എന്‍എസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് പുറത്ത്. ഗണേഷ് കുമാറിന്റെ കാലാവധി കഴിഞ്ഞിരുന്നു. അംഗത്വം പുതുക്കി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടും എൻഎസ്എസ് പുതുക്കി നൽകിയില്ല. ഗണേഷിനൊപ്പം കാലാവധി കഴിഞ്ഞ മറ്റ് എട്ട് പേർക്കും അംഗത്വം പുതുക്കി നൽകി. മുമ്പ് ഗണേഷ് അധ്യക്ഷനായിരുന്ന പത്തനാപുരം താലൂക്ക് യൂണിയൻ പിരിച്ചുവിട്ടിരുന്നു. എന്‍എസ്എസിനൊപ്പം തന്നെ തുടരുമെന്നും സ്ഥാനമാനങ്ങൾ ആഗ്രഹിച്ചിട്ടില്ലെന്നും കെ ബി ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.അതേസമയം, ഗണേഷ് കുമാറിനെ പുറത്താക്കിയതല്ലെന്നും കാലാവധി കഴിഞ്ഞപ്പോള്‍ വീണ്ടും എടുത്തില്ലെന്നുമാണ് സുകുമാരൻ നായർ വിശദീകരിക്കുന്നത്. എൻഎസ്എസിന് ജനാധിപത്യം ഉണ്ടെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. എൻഎസ്എസിൽ അർഹതയുള്ള ഒരുപാട് പേരുണ്ട്. എല്ലാവർക്കും മാറി മാറി കൊടുക്കേണ്ടിവരും. കിട്ടാതിരിക്കുന്ന ആളുകൾക്കും കൊടുക്കേണ്ടിവരുമെന്നും സുകുമാരൻ നായർ പറഞ്ഞു. പത്തനാപുരം താലൂക്ക് യൂണിയനിൽ എന്തെങ്കിലും ക്രമവിരുദ്ധ പ്രവർത്തനം നടന്നെങ്കിൽ അദ്ദേഹം കേസ് കൊടുക്കട്ടെയെന്നും സുകുമാരൻ നായർ കൂട്ടിച്ചേര്‍ത്തു.