തളിപ്പറമ്പ് മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റുന്ന വൻ വികസന പദ്ധതികൾക്ക് സംസ്ഥാന ബജറ്റിൽ അംഗീകാരം
തിരുവനന്തപുരം:വിദ്യാഭ്യാസ രംഗത്ത് വൻ മുന്നേറ്റം ലക്ഷ്യമിട്ട് നാടുകാണിയിൽ സർക്കാർ കോളേജ് സ്ഥാപിക്കുന്നതിനായി 20 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. ഇതോടൊപ്പം കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് സ്റ്റേഡിയം നവീകരണത്തിന് 25 ലക്ഷം രൂപയും, പന്നിയൂർ എൽ.പി സ്കൂൾ ഗ്രൗണ്ട് വികസനത്തിന് ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ സ്റ്റേജ്, ഓഡിറ്റോറിയം, ഓപ്പൺ ജിം എന്നിവ നിർമ്മിക്കുന്നതിനായി രണ്ട് കോടി രൂപയും, വിദ്യാർത്ഥിനികൾക്കായി വിവിധ ഹയർ സെക്കന്ററി സ്കൂളുകളിൽ ഗേൾസ് റെസ്റ്റ് റൂമുകൾ ഒരുക്കാൻ 50 ലക്ഷം രൂപയും മാറ്റിവെച്ചു.
മണ്ഡലത്തിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി റോഡ്-പാലം വികസനത്തിന് വൻ തുകയാണ് അനുവദിച്ചിട്ടുള്ളത്. കൊളന്ത കടവ് പാലം നിർമ്മാണത്തിന് 15 കോടി രൂപയും, പാമ്പുരത്തി പാലം, കോൾത്തുരുത്തി പാലം എന്നിവയ്ക്ക് 5 കോടി രൂപ വീതവും ബജറ്റിൽ പ്രഖ്യാപിച്ചു. പൊക്കുണ്ട്-തേർത്തല-തേറളായി റോഡിനായി 7 കോടി രൂപയും, കുട്ട്യാട്ടൂരിലെ വെങ്ങാറമ്പ്-ചിറവയൽ-ചട്ടുക്കപ്പാറ-പൊറോളോം-ഏട്ടയർ റോഡ് മേക്കാഡം ടാറിംഗിനായി 8 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. മലപ്പട്ടത്തെ ചൂളിയാട് കടവ്-പാവന്നൂർ കടവ്-മുനബ് കടവ് തീരദേശ റോഡിന് 3 കോടി രൂപയും, പരിയാരത്തെ കുപ്പം-മുക്കുന്ന്-ഇരിങ്ങൽ-പാച്ചേനി തീരദേശ റോഡിന് 3 കോടി രൂപയും അനുവദിച്ചു. മണ്ഡലത്തിലെ പി.ഡബ്ല്യു.ഡി റോഡുകളുടെ നവീകരണത്തിനായി 3 കോടി രൂപയും ചപ്പാരപടവ് പഞ്ചായത്തിലെ തടികടവ് വിയർ കം ബ്രിഡ്ജ് ഇൻവെസ്റ്റിഗേഷനായി 15 ലക്ഷം രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നഗരസൗന്ദര്യവൽക്കരണത്തിനും വിനോദസഞ്ചാര വികസനത്തിനും ബജറ്റിൽ പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. മയ്യിൽ നഗരസൗന്ദര്യവൽക്കരണത്തിന് 5 കോടി രൂപയും, തളിപ്പറമ്പ് നഗരസൗന്ദര്യവൽക്കരണത്തിന് 2 കോടി രൂപയും, ധർമശാല സൗന്ദര്യവൽക്കരണത്തിനായി ഒരു കോടി രൂപയും അനുവദിച്ചു. ഇതോടൊപ്പം മയ്യിലിൽ ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിന് 5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പറശ്ശിനിക്കടവ് റെസ്റ്റ് ഹൗസ് നിർമ്മാണത്തിന്റെ രണ്ടാം ഘട്ടത്തിനായി 5 കോടി രൂപയും, കൊളച്ചേരിയിലെ തവളപ്പാറ സ്റ്റേഡിയം വികസനത്തിന് 2 കോടി രൂപയും, കുറുമാത്തൂരിലെ തെയ്യം മ്യൂസിയം രണ്ടാം ഘട്ടത്തിന് ഒരു കോടി രൂപയും ലഭിക്കും. കരിമ്പം കൃഷിത്തോട്ടത്തിലെ ഓഡിറ്റോറിയം നവീകരണത്തിനായി ഒരു കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്.
സ്ത്രീ സൗഹൃദ പദ്ധതികളുടെ ഭാഗമായി തളിപ്പറമ്പിൽ രണ്ട് കോടി രൂപ ചെലവിൽ വിമെൻ കോ-വർക്കിംഗ് സെന്ററും ഷീ ലോഡ്ജും സ്ഥാപിക്കും. ആരോഗ്യ-സാമൂഹ്യ ക്ഷേമ മേഖലകളിൽ പരിയാരത്ത് പനങ്ങാട്ടൂർ ആരോഗ്യ സബ് സെന്ററും പകൽ വീടും നിർമ്മിക്കുന്നതിനായി ഒരു കോടി രൂപ അനുവദിച്ചു. തളിപ്പറമ്പ് കോടതി സമുച്ചയ നിർമ്മാണത്തിന് 10 കോടി രൂപയും, ഫയർ സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിന്റെ രണ്ടാം ഘട്ടത്തിന് 2.5 കോടി രൂപയും, എക്സൈസ് റേഞ്ച് ഓഫീസ് കെട്ടിട നിർമ്മാണത്തിന് ഒരു കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
മലപ്പട്ടത്ത് വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിനായി 3 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. പരിസ്ഥിതി-തീരദേശ സംരക്ഷണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ തീരങ്ങളുടെ സംരക്ഷണത്തിന് 2 കോടി രൂപയും, കുറുമാത്തൂരിലെ കാലികടവ്-കരിമ്പം-കുറ്റിക്കോൽ പുഴ നവീകരണത്തിന് 5 കോടി രൂപയും പ്രഖ്യാപിച്ചു. ആന്തൂർ നഗരസഭയിൽ ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങളുടെ സംരക്ഷണത്തിനായി ഒരു കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. തളിപ്പറമ്പ് മണ്ഡലത്തിന്റെ സർവ്വതോമുഖമായ പുരോഗതിക്ക് വഴിതുറക്കുന്നതാണ് ഈ ബജറ്റ് പ്രഖ്യാപനങ്ങൾ.