എം.എൽ.എമാരുടെ ഭൂരിപക്ഷ പിന്തുണ കെ.സി വേണുഗോപാലിനെന്ന് സൂചന
തിരുവനന്തപുരം: മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള സജീവ ചർച്ചകളിൽ എം.എൽ.എമാരുടെ ഭൂരിപക്ഷ പിന്തുണ കെ.സി വേണുഗോപാലിനെന്ന് സൂചന. എ.ഐ.സി.സി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും എം.എൽ.എമാരെ പ്രത്യേകം പ്രത്യേകം കണ്ടാണ് അഭിപ്രായം തേടിയത് 63 എം.എൽ.എമാരിൽ ഭൂരിഭാഗം പേരും കെ.സിയെ പിന്തുണച്ചതായാണ് സൂചന .നാൽപ്പതോളം എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിനുണ്ടെന്നാണ് റിപ്പോർട്ട്. പത്തോളംപേരുടെ വീതം പിന്തുണയാണ് ചെന്നിത്തലയ്ക്കും സതീശനുമുള്ളത്. മുതിർന്ന നേതാക്കളുടെ അഭിപ്രായവും നിരീക്ഷകർ തേടിയിട്ടുണ്ട്. ഇതിൽ കെ.സുധാകരൻ രേഖാമൂലം തന്നെ കെ.സിക്കുള്ള പിന്തുണ അറിയിച്ചു. സീനിയോറിറ്റി പരിഗണനവെച്ച് രമേശ് ചെന്നിത്തലയെ പരിഗണിക്കേണ്ടതാണെന്ന അഭിപ്രായം മുതിർന്ന നേതാക്കളടക്കമുള്ളവർ ഉന്നയിക്കുന്നുണ്ട്.ചെന്നിത്തല, സതീശൻ, വേണുഗോപാൽ എന്നീ മൂന്ന് പേരിൽ ഏറ്റവും സീനിയറാണ് എന്നത് രമേശിന് അനുകൂല ഘടകമാണ്. എന്നാൽ, എത്ര എംഎൽഎമാരുടെ പിന്തുണ കിട്ടും എന്നതിനെ ആശ്രയിച്ചിരിക്കും അദ്ദേഹത്തിന്റെ സാധ്യതകൾ. കെ.സി പക്ഷത്തിന്റെയും, രമേശ് ചെന്നിത്തലയെ പിന്തുണക്കുന്നവരിൽ ഒരു വിഭാഗത്തിന്റെയും പിന്തുണ ലഭിക്കുമെന്നകണക്കുകൂട്ടലിലാണ് വി.ഡി സതീശൻ ക്യാമ്പ്.എം.എൽ.എമാരുടെ ഭൂരിപക്ഷ പിന്തുണയ്ക്കാണ് മുഖ്യമന്ത്രിമാരെ നിശ്ചയിക്കുന്നതിൽ ഹൈക്കമാൻഡ് മുഖ്യ പരിഗണന നൽകുക. മധ്യപ്രദേശിലും രാജസ്ഥാനിലും കർണാടകത്തിലും തെലങ്കാനയിലും ഈ രീതിയാണ് പിന്തുടർന്നത്. ഘടകകക്ഷികളുടെ ഉറച്ച പിന്തുണയാണ് വി.ഡി. സതീശന് അനുകൂലമായ ഘടകവും. പൊതുസമൂഹത്തിലും സോഷ്യൽമീഡിയയിലും വി.ഡി സതീശനായി അണികളുടെ മുറവിളി തുടരുകയാണ്. അതുപോലെ, കെ.സി മുഖ്യമന്ത്രിയാകുന്ന സാഹചര്യത്തിൽ വി.ഡി സതീശൻ മന്ത്രിസ്ഥാനം അടക്കം ഒരു പദവിയും ഏറ്റെടുക്കാതെ പ്രതിഷേധമുയർത്താനാണ് സാധ്യത. ഇതുകൂടിയാകുമ്പോൾ പൊതുസമൂഹത്തിലുംകോൺഗ്രസ് അണികളിലും അതുണ്ടാക്കാവുന്ന പ്രതിഷേധങ്ങൾ നേതൃത്വത്തിന് മറ്റൊരു വെല്ലുവിളിയാകും