ബജറ്റ്: കേരളത്തിന്റെ ഭൂമിയും ആകാശവും വെള്ളവും കോർപ്പറേറ്റുകൾക്ക് വിൽക്കാനുള്ള സമ്പൂർണ്ണ സ്വകാര്യവൽക്കരണത്തിൻ്റെആമുഖം
തിരുവനന്തപുരം: കേരളത്തിന്റെ ഭൂമിയും ആകാശവും വെള്ളവും കോർപ്പറേറ്റുകൾക്ക് വിൽക്കാനുള്ള സമ്പൂർണ്ണ സ്വകാര്യവൽക്കരണത്തിൻ്റെ ആമുഖ പ്രസംഗമാണ് മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റിലുള്ളതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. താനൊരു നെഹ്റൂവിയൻ സോഷ്യലിസ്റ്റ് ആണെന്ന് അവകാശപ്പെടുന്ന സതീശൻ, പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും അവയുടെ സ്വത്തുക്കൾ സ്വകാര്യ കമ്പനികൾക്ക് നൽകാനുമാണ് ബജറ്റിലൂടെ ശ്രമിക്കുന്നത്. ഇത് നെഹ്റുവിന്റെ ആശയങ്ങൾക്ക് തികച്ചും വിരുദ്ധമാണ്. പദ്ധതിയൊക്കെയുണ്ട് പണമെവിടെ എന്ന ചോദ്യത്തിന് സ്വകാര്യവൽക്കരണത്തിലൂടെ പണം കണ്ടെത്തുമെന്നാണ് സതീശൻ പറയുന്നത്. സ്വകാര്യ മൂലധനത്തെ ആശ്രയിക്കാതെ കേരളത്തെ മുന്നോട്ട് നയിക്കാനാവുമോ എന്ന ചോദ്യത്തിന് പിന്നിൽ കേരളത്തെയാകെ വിൽക്കാനുള്ള താല്പര്യമാണുള്ളത്. ചാർട്ടേഡ് ഫ്ലൈറ്റിൽ സതീശൻ എന്തിനാണ് മംഗലാപുരത്തേക്ക് പോയതെന്ന് ഇപ്പോൾ വ്യക്തമായി. അദാനിക്ക് വേണ്ടിയാണ് ഈ യാത്രകളെല്ലാം. അദാനിയാണ് ഇവരുടെ പ്രധാനസ്രോതസ്സ്.
കേരളത്തിന്റെ ധാതുസമ്പത്ത് ബോധപൂർവ്വം കോർപ്പറേറ്റുകൾക്ക് നൽകാനുള്ള നീക്കമാണ് നടക്കുന്നത്. ദക്ഷിണ കേരളത്തെ, പ്രത്യേകിച്ച് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളെ ഓരോ ഭാഗങ്ങളായി തിരിച്ച് വിവിധ പേരുകളിലാണ് വിൽക്കാൻ പോകുന്നത്.
ഇതിന്റെ ഭാഗമാണ് ‘വിഷൻ സമുദ്ര’. കഴിഞ്ഞ 10 കൊല്ലമായി പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രം നടത്തിവന്ന അപൂർവ്വ ധാതുക്കളുടെ (Rare Earth) ഖനനം ഇനി സ്വകാര്യ കുത്തകകൾക്ക് നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിനൊപ്പം ലാൻഡ് ബാങ്ക് രൂപീകരിച്ച് കോർപ്പറേറ്റുകൾക്ക് ഭൂമി നൽകാനും ശ്രമം നടക്കുന്നു.
1969 ഒക്ടോബർ 14-ന് പാസാക്കിയ കാർഷിക ഭൂപരിഷ്കരണ ഭേദഗതി നിയമത്തിന്റെ തുടർച്ചയായി കർഷകർക്കും പാവപ്പെട്ടവർക്ക ലക്ഷക്കണക്കിന് ഭൂമിരഹിതരായ എസ്സി-എസ്ടി വിഭാഗക്കാർക്കും മിച്ചഭൂമി നൽകിയ വലിയ ചരിത്രമാണ് കേരളത്തിനുള്ളത്. ഇന്നിപ്പോൾ നമ്മുടെ ഭൂമിയെല്ലാം കോർപ്പറേറ്റുകൾക്ക് നൽകാനാണ് വി ഡിസതീശൻ ശ്രമിക്കുന്നത് എന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.