സ്വർണവ്യാപാരിയെയും കുടുംബത്തെയും വഴിയിൽ ഇറക്കിവിട്ട് കാർ തട്ടിയെടുത്തു
പിലാത്തറ:സ്വർണവ്യാപാരിയെയും കുടുംബത്തെയും വഴിയിൽ ഇറക്കിവിട്ട് കാർ തട്ടിയെടുത്തു. വർഷങ്ങളായി തലശ്ശേരിയിൽ താമസിച്ച് സ്വർണവ്യാപാരം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി കുമാറിന്റെ കാറാണ് ഒരു സംഘം തട്ടിയെടുത്തത്. പിന്നീട് പിലാത്തറയ്ക്ക് സമീപം ആളൊഴിഞ്ഞ പറമ്പിൽ കാർ തകർത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ സ്വർണം പൊട്ടിക്കൽ സംഘമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.വർഷങ്ങളായി തലശ്ശേരിയിൽ സ്വർണവ്യാപാരം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി കുമാറും കുടുംബവുമാണ് അക്രമിസംഘത്തിന്റെ ഇരകളായത്. മഹാരാഷ്ട്രയിൽ നിന്ന് കുടുംബസമേതം നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവർ സഞ്ചരിച്ച കെ.എൽ 58 എ.എൻ 2059 നമ്പർ കാറാണ് സംഘം തട്ടിയെടുത്തത്. പയ്യന്നൂരിൽ എത്തുന്നതിന് ആറ് കിലോമീറ്റർ മുൻപുവെച്ച് കാർ തടഞ്ഞുനിർത്തിയ സംഘം, കുമാറിനെയും കുടുംബത്തെയും ബലമായി വഴിയിൽ ഇറക്കിവിടുകയായിരുന്നു.തുടർന്ന് കാറുമായി കടന്നുകളഞ്ഞ അക്രമികൾ പിലാത്തറ സഹകരണ കോളേജിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ വാഹനമെത്തിച്ചു. ഇവിടെവെച്ച് കാർ പൂർണ്ണമായും അരിച്ചുപെറുക്കി പരിശോധിക്കുകയും അടിച്ചുതകർക്കുകയുമായിരുന്നു. കാറിലുണ്ടായിരുന്ന തുണിത്തരങ്ങളും മറ്റ് സാധനങ്ങളും പറമ്പിൽ വാരിവലിച്ചിട്ട നിലയിലാണ്. അക്രമത്തിനിടെ കാറിനകത്ത് ശക്തമായ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. സീറ്റുകളിലും മറ്റും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കാറിൽ നിന്ന് എന്തൊക്കെയാണ് നഷ്ടപ്പെട്ടതെന്ന് വ്യക്തമല്ല.ചൊവ്വാഴ്ച രാവിലെ നടക്കാനിറങ്ങിയ നാട്ടുകാരാണ് ആളൊഴിഞ്ഞ പറമ്പിൽ തകർത്ത നിലയിൽ കാർ കണ്ടത്. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പരിയാരം ഇൻസ്പെക്ടർ കെ.പി സനീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വൈശാഖ്, അനിൽകുമാർ, എ.എസ്.ഐ പ്രജീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട കുമാർ തലശ്ശേരി ഡിവൈ.എസ്.പി ഓഫീസിലെത്തി പരാതി നൽകിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ സ്വർണം പൊട്ടിക്കൽ സംഘമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പരിയാരം പോലീസ് അന്വേഷണം ഊർജിതമാക്കി.