യാത്രക്കാരുടെ വർദ്ധനവ്; ജൂലൈ 15 മുതൽ അധിക ട്രെയിനുകൾ ആരംഭിക്കുമെന്ന് കൊച്ചി മെട്രോ
കൊച്ചി : വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത്, 2024 ജൂലൈ 15 മുതൽ അധിക ട്രെയിനുകൾ ആരംഭിക്കുമെന്ന് കെഎംആർഎൽ. ഈ വർഷം കൊച്ചി മെട്രോയിൽ 1,64,27,568 യാത്രക്കാർ യാത്ര ചെയ്തു കഴിഞ്ഞു. കഴിഞ്ഞ പത്ത് ദിവസമായി കൊച്ചി മെട്രോയ്ക്ക് പ്രതിദിനം 1 ലക്ഷത്തിലധികം യാത്രക്കാരെ ലഭിച്ചതിനാൽ, കൂടുതൽ സുഖകരവും സൗകര്യപ്രദവുമായ യാത്രാനുഭവം ഉറപ്പാക്കാൻ, കെഎംആർഎൽ അതിൻ്റെ സേവനം മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന നടപടികൾ തുടങ്ങിയതായി അറിയിച്ചു.
2024 ജൂലൈ 15 മുതൽ ഒരു ദിവസം 12 ട്രിപ്പുകൾ കൂടുതൽ ആരംഭിക്കുമെന്നും കെഎംആർഎൽ അറിയിച്ചു. തിരക്കുള്ള സമയങ്ങളിൽ യാത്രക്കാരുടെ തിരക്ക് ലഘൂകരിക്കാനും ട്രെയിനുകൾക്കിടയിലുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാനും ഈ കൂട്ടിച്ചേർക്കൽ ലക്ഷ്യമിടുന്നു. നിലവിൽ, രാവിലെ 8:00 മണി മുതൽ 10:00 മണി വരെയും വൈകുന്നേരം 4:00 മണി മുതൽ 7:00 മണി വരെയുമുള്ള തിരക്കേറിയ സമയങ്ങളിൽ രണ്ട് ട്രെയിനുകൾ തമ്മിലുള്ള ഹെഡ് വേ 7 മിനിറ്റും 45 സെക്കൻഡണ്. പുതിയ ഷെഡ്യൂൾ വരുന്നതോടെ ഈ ഹെഡ് വേ വെറും 7 മിനിറ്റായി ചുരുങ്ങും.