കൊട്ടിയൂർ വൈശാഖോത്സവം 28 ന് തുടങ്ങും, ജൂൺ 8 ന് ഇളനീരാട്ടം
കണ്ണൂർ: ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ ശിവക്ഷേത്രത്തിലെ ഈ വർഷത്തെ വൈശാഖോത്സവം മെയ് 28-ന് ആരംഭിക്കും. ഉത്സവ ചടങ്ങുകളും തീയതിയും നിശ്ചയിക്കുന്ന ‘പ്രക്കൂഴം’ ചടങ്ങുകൾ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നടന്നതോടെയാണ് ഉത്സവ ദിനങ്ങൾക്ക് തീരുമാനമായത്. മെയ് 28-ന് നടക്കുന്ന നെയ്യാട്ടത്തോടെയാണ് ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് തുടക്കമാകുന്നത്.
പ്രധാന വിശേഷ ദിവസങ്ങൾ: ജൂൺ 5 തിരുവോണം ആരാധാന, ഏഴിന് ഇളനീർ വെപ്പ്, എട്ടിന് ഇളനീരാട്ടം, അഷ്മി ആരാധന. ജൂൺ 10ന് രേവതി ആരാധന, 14ന് രോഹിണി ആരാധന.ജൂൺ 16ന് തിരുവാതിര ചതുശ്ശതം, 17ന് പുണർതം ചതുശ്ശതം, 19ന് ആയില്യം ചതുശ്ശതം. 20ന് മകം കലംവരവ്, 23ന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ.24ന് തൃക്കലശാട്ട്. ഈ മാസം 30 മുതൽ ജൂൺ 20ന് ഉച്ചശീവേലി വരെയാണ് സ്ത്രീകൾക്കു അക്കരെ കൊട്ടിയൂരിൽ പ്രവേശനം.
അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നതിന് പ്രത്യേക സമയക്രമമുണ്ട്. മെയ് 30 മുതൽ ജൂൺ 20-ന് ഉച്ചശീവേലി നടക്കുന്നത് വരെ മാത്രമായിരിക്കും സ്ത്രീകൾക്ക് അക്കരെ സന്നിധിയിൽ ദർശനം നടത്താൻ അനുവാദമുണ്ടാവുക.മലബാറിലെ ഏറ്റവും വലിയ തീർത്ഥാടന ഉത്സവങ്ങളിൽ ഒന്നായ വൈശാഖോത്സവത്തിന് ലക്ഷക്കണക്കിന് ഭക്തർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങൾ ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ചു കഴിഞ്ഞു.