കോഴിക്കോട് ബാലുശ്ശേരിയില്‍ സ്കൂള്‍ വിദ്യാർഥിക്ക് നേരെ സദാചാര ആക്രമണം; കേസെടുത്ത് പോലീസ്
കോഴിക്കോട് : ബാലുശ്ശേരിയില്‍ സ്കൂള്‍ വിദ്യാർഥിക്ക് നേരെ സദാചാര ആക്രമണമെന്ന പരാതിയില്‍ ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടി നല്കിയ പരാതിയിലാണ് ബാലുശ്ശേരി പൊലീസ് കേസെടുത്തത്. ബാലുശ്ശേരി കോക്കല്ലൂര്‍ ടൗണില്‍ ഇന്നലെ വൈകീട്ട് നാലരയോടെയാണ് പെണ്‍കുട്ടിക്കും ബന്ധുവായ യുവാവിനും നേരെ ആക്രമണം ഉണ്ടായത്. സ്കൂള്‍ വിട്ട് റോഡിലേക്ക് ഇറങ്ങി വന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ബന്ധുവായ യുവാവുമായി സംസാരിക്കവെ ഒരു സംഘം അസഭ്യം പറയുകയായിരുന്നു. പെണ്‍കുട്ടിയും ബന്ധുവും ചോദ്യം ചെയ്തതോടെ യുവാവിനെ സംഘം ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. സംഭവത്തില്‍ കോക്കല്ലൂർ സ്വദേശി രതീഷ്, വിപിൻലാല്‍, കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേർ തുടങ്ങിയവർക്കെതിരെയാണ് ബാലുശ്ശേരി പൊലീസ് കേസെടുത്തിരിക്കുന്നത്. പരിക്കേറ്റ യുവാവ് ബാലുശ്ശേരി ആശുപത്രിയില്‍ ചികിത്സ തേടി. ഒളിവില്‍പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.