ദേശീയപാതാനിർമാണത്തിനിടെ വേളാപുരത്തും പരിസരത്തും പൊടി ശല്യം രൂക്ഷമാകുന്നു
പാപ്പിനിശ്ശേരി : ദേശീയപാതാനിർമാണ ത്തിനിടെ വേളാപുരത്തും പരിസരത്തും പൊടിപൂരം. വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയരുന്ന പൊടിനിറഞ്ഞ് ഒന്നും കാണാനാകാത്ത അവസ്ഥയാണ്. വേളാപുരം കവലയുടെ ഇരുഭാഗത്തും നിരവധി കച്ചവടസമുച്ചയങ്ങളും വീടുകളുമുണ്ട്. കഴിഞ്ഞ നിരവധി മാസങ്ങളായി പ്രദേശം പൊടിശല്യത്താൽ പൊറുതിമുട്ടുകയാണ്. പ്രദേശവാസികൾ നിരന്തരം പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടാകുന്നില്ല. മഴ പെയ്യുമ്പോൾ മാത്രം പൊടിശല്യം കുറയുകയും വെയിൽ പരക്കുമ്പോൾ പൊടിയിൽ വീർപ്പുമുട്ടുകയുമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
പരാതി ഉയരുമ്പോൾ രാവിലെ പണി നടക്കുന്ന ഭാഗങ്ങളിൽ വെള്ളം തളിച്ച് ആശ്വാസം പകരാൻ കരാറുകാർ ശ്രമിക്കുന്നുണ്ട്. എന്നാൽ വെള്ളം തളിച്ച് മണിക്കൂറുകൾക്കുള്ളിൽതന്നെ പ്രദേശമാകെ പൊടിയിൽ മുങ്ങും. ചെറുവാഹനങ്ങൾ മുതൽ വലിയ വാഹനങ്ങൾ വരെ കടന്നുപോകുമ്പോൾ വലിയ തോതിലാണ് പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ ഉയരുന്നത്. വേളാപുരം മുതൽ കീച്ചേരി വരെ നിർമിച്ച സർവീസ് റോഡിന്റെ തകർച്ചയാണ് പൊടിശല്യം രൂക്ഷമാകാൻ കാരണമാകുന്നത്. പൊടിശല്യത്തിൽ ശ്വാസകോശരോഗ ങ്ങളടക്കം നിരവധി ആരോഗ്യപ്രശ്നങ്ങളും പ്രദേശവാസികൾ നേരിടുന്നതായും പരാതിയുണ്ട്.