കോഴിക്കോട് പയ്യോളി തിക്കോടിയില്‍ കടലില്‍ തിരയില്‍പ്പെട്ട് അപകടം; രണ്ട് സ്ത്രീകളടക്കം നാലു പേര് മരിച്ചു
കോഴിക്കോട് : കോഴിക്കോട് പയ്യോളി തിക്കോടിയില്‍ കടലില്‍ ഇറങ്ങിയ രണ്ട് സ്ത്രീകളടക്കം നാലു പേര് തിരയില്‍പ്പെട്ട് മരിച്ചു. വയനാട് കല്‍പ്പറ്റ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വൈകിട്ടോടെ പയ്യോളി തിക്കോടി കല്ലകത്ത് ബീച്ചിലാണ് സംഭവം. അപകടത്തില്‍പ്പെട്ട ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്‍പ്പറ്റയിലെ ജിമ്മില്‍ ഒരുമിച്ച് പരിശീലനം നടത്തുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ജിമ്മിലെ വനിത ട്രെയിനര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടത്. മുണ്ടേരി സ്വദേശി ഫൈസല്‍, കല്‍പ്പറ്റ നോര്‍ത്ത് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം വിനീഷ് (40), അനീസ (35), വാണി (32) എന്നിവരാണ് മരിച്ചത്. ജിൻസി എന്ന സ്ത്രീയെ പരിക്കുകളോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ടോടെ തിക്കോടി കല്ലകത്ത് ബീച്ചിലാണ് ദാരുണാപകടം ഉണ്ടായത്. അവധി ദിവസമായ ഞായറാഴ്ച ഇവര്‍ രാവിലെയാണ് കോഴിക്കോട്ടേക്ക് ടൂര്‍ പോയതായിരുന്നു. വയനാട്ടിലേക്ക് തിരികെ വരുമ്ബോള്‍ ബീച്ചില്‍ കയറിയപ്പോള്‍ ആയിരുന്നു അപകടം. അവധിയായതിനാല്‍ ബീച്ചില്‍ നല്ല തിരക്കുണ്ടായിരുന്നു. ബീച്ചിലേക്കിറങ്ങിയപ്പോള്‍ അഞ്ചുപേരും തിരയില്‍പെടുകയായിരുന്നുവെന്നാണ് വിവരം. ഇവരെ ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നാലുപേരെ രക്ഷിക്കാനായില്ല. വയനാട് കല്‍പ്പറ്റയിലെ ജിമ്മില്‍ പരിശീലനം നടത്തുന്നവരും ട്രെയിനേഴ്സും അടക്കം 26 അംഗം സംഘമാണ് ടെംപോ ട്രാവലറില്‍ തിക്കോടി കല്ലകത്ത് ബീച്ചിലെത്തിയത്. വിനോദ യാത്രക്ക് വന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച അനീസ, വാണി, വിനീഷ് എന്നിവരുടെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച ഫൈസലിന്റെ മൃതദേഹം കൊയിലാണ്ടിയിലെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.