അമീബിക് മസ്തിഷ്കജ്വരം; കോഴിക്കോട് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു
കോഴിക്കോട് : അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫറോക്ക് സ്വദേശി മൃദുൽ ആണ് മരിച്ചത്. കഴിഞ്ഞ മാസവും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരു പെൺകുട്ടി മരിച്ചിരുന്നു. കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ രാഘേഷിന്റേയും മകള്‍ ദക്ഷിണ (13)യ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണകാരണം അത്യപൂര്‍വ്വ അമീബയെന്നായിരുന്നു പരിശോധനാ ഫലം.
അതേസമയം, രോഗം സംബന്ധിച്ച അവബോധം ശക്തിപ്പെടുത്താന്‍ ആരോഗ്യമന്ത്രി വീണ ജോർജ് നിർദ്ദേശം നല്‍കിയിരുന്നു. മൂക്കിനെയും മസ്തിഷ്കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസിസ് ഉണ്ടാവുകയും ചെയ്യുന്നത്. അതിനാല്‍ ചെവിയില്‍ പഴുപ്പുള്ള കുട്ടികള്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പിന്റെ ഉന്നതല യോഗത്തില്‍ സംസാരിക്കവേ മന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.