കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തിങ്കളാഴ്ച മുതൽ
തിരുവനന്തപുരം:സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തിങ്കളാഴ്ച മുതൽ.’പ്രിയദർശിനി’ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുക. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കും ഓർഡിനറി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. മാസം 70 കോടി രൂപ വരെ സർക്കാരിന് ബാധ്യത വരുത്തുന്നതാണ് പദ്ധതി. സൗജന്യ യാത്രമൂലം കെഎസ്ആർടിസിക്കുണ്ടാകുന്ന വരുമാനനഷ്ടം സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.സംസ്ഥാന സർക്കാരിൻ്റെ ഇന്ദിര ഗാരന്റിയിൽ വരുന്നതാണ് ഈ പദ്ധതിയും. പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും യാത്രാസൗകര്യം ലഭിക്കുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ അറിയിച്ചു. ഉപാധികളില്ലാതെ നടപ്പിലാക്കുന്ന സൗജന്യയാത്ര പദ്ധതിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ കെഎസ്ആർടിസിക്ക് 1500 കോടിയോളം പ്രതിവർഷം നൽകുന്നുണ്ട്. ഇതിന് പുറമെയാകും പദ്ധതി നടത്തിപ്പിനുള്ള 800 കോടി രൂപയും നൽകുക. കെഎസ്ആർടിസിയുടെ വരുമാനം വർധിപ്പിക്കാനുള്ള മറ്റ് പദ്ധതികൾക്ക് തുടക്കമിടാനും മന്ത്രിസഭ തീരുമാനിച്ചു. മലബാറിൽ ഓർഡിനറി ബസുകൾ കുറവാണെന്നത് വസ്തുതയാണ്. കാര്യങ്ങൾ വിലയിരുത്തിയത് ശേഷം ബദൽമാർഗങ്ങൾ കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പിഎം ശ്രീയിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, കഴിഞ്ഞ സർക്കാർ മന്ത്രിസഭഅറിയാതെയാണ് പദ്ധതിയിൽ ഒപ്പുവച്ചതെന്നും ആരോപിച്ചു.ബി.അശോകിൻ്റെ നിയമനത്തിനെതിരായവിമർശനങ്ങളെയും മുഖ്യമന്ത്രി തള്ളി. രാഷ്ട്രീയം നോക്കിയല്ല നിയമനമെന്നും കേരളത്തിൽ ഐഎഎസുകാരുടെ കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു.