ഓഗസ്റ്റ് 1 മുതല്‍ ബസുകളിലെ ബോര്‍ഡുകളില്‍ സ്ഥലസൂചികാ കോഡും, നമ്പരും ചേര്‍ക്കാന്‍ കെഎസ്ആര്‍ടിസി
ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർക്കായി ഓഗസ്റ്റ് 1 മുതല്‍ ബസുകളിലെ ബോര്‍ഡുകളില്‍ സ്ഥലസൂചികാ കോഡും,നമ്പരും ചേര്‍ക്കാന്‍ കെഎസ്ആര്‍ടിസി. ഓര്‍ഡിനറി അടക്കമുള്ള എല്ലാ ബസുകളിലും ഇത്തരത്തിൽ ഇംഗ്ലീഷ് കോഡും നമ്പരുമുണ്ടാകും. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ബംഗാള്‍ തുടങ്ങി മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമാകുന്ന തരത്തിലാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. ജൂലൈ 31-നകം തീരുമാനം നടപ്പാക്കും. ഇതിനായി കെഎസ്ആര്‍ടിസി എക്സിക്യുട്ടീവ് ഡയറക്ടര്‍ യൂണിറ്റ്, മേഖലാ വര്‍ക്ക്ഷോപ്പ് തലവന്മാര്ക്കും ജനറല്‍ മാനേജര്‍മാര്‍ക്കും നിര്‍ദേശം നല്കി. ബസുകള്‍ക്കു മുകളില്‍ വയ്ക്കുന്ന പ്രധാന ബോര്‍ഡില്‍ തന്നെ കോഡും നമ്പരും ചേർക്കും.
തിരുവനന്തപുരം (ടിവി), കൊല്ലം (കെഎം), പത്തനംതിട്ട (പിടി), ആലപ്പുഴ (എഎല്‍), കോട്ടയം (കെടി), ഇടുക്കി (ഐഡി), എറണാകുളം (ഇകെ), തൃശ്ശൂര്‍ (ടിഎസ്), പാലക്കാട് (പിഎല്‍), മലപ്പുറം (എംഎല്), കോഴിക്കോട് (കെകെ), വയനാട് (ഡബ്ള്യുഎന്‍), കണ്ണൂര്‍ (കെഎന്‍), കാസര്‍കോട് (കെജി) എന്നിങ്ങനെയാണ് കോഡുകള്‍. ജില്ലകളുടെ നമ്പരും കോഡിനൊപ്പം വരും. തിരുവനന്തപുരം (ടിവി-1), കൊല്ലം (കെഎം-2) എന്നിങ്ങനെയാണ് നമ്പരുകള്‍ മലയാളം ബോര്‍ഡിന്റെ ഒരുവശത്തായി നൽകുക. ആശയക്കുഴപ്പം ഇല്ലാതെ സ്ഥലംതിരിച്ചറിയാന്‍ പറ്റുംവിധമാണ് നമ്പറുകൾ ക്രമീകരിക്കുക.