എല്ലാവര്ക്കും കുടിവെള്ളം;സംസ്ഥാനത്ത് പുതിയ ജലനയം രൂപീകരിക്കും -മന്ത്രി മോന്‍സ് ജോസഫ്
എല്ലാവര്ക്കും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് പുതിയ ജലനയം രൂപീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ ഉദ്യോഗസ്ഥ പ്രതിനിധികളുമായി ജില്ലയുടെ ജലവിതരണ സംവിധാനം സമഗ്രമായി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലവിഭവ വകുപ്പില്‍ നിലവിലുള്ളതും കാലഹരണപ്പെട്ടതുമായ സംവിധാനങ്ങള്‍ പുനക്രമീകരിക്കും. എല്ലാ ന്യൂനതകളും പരിഹരിച്ചുകൊണ്ടുളള സമ്പൂര്‍ണ്ണ ജലനയമാണ് ലക്ഷ്യം. സംസ്ഥാന തലത്തിലുള്ള വാട്ടര്‍ കോൺക്ളേവ് ഇതിന്റെ ഭാഗമായി നടത്തും. എല്ലാ ജില്ലകളിലും ഒട്ടേറെ പദ്ധതികള്‍ ജലവിഭവ വകുപ്പിന് കീഴില്‍ പുരോഗമിക്കുകയാണ്. പ്രാദേശികമായി ഏറ്റവും ആവശ്യമുള്ളതിനെ മുന്‍ഗണന നല്കി പരിഗണിക്കണം. ഇവയെല്ലാം കാലതാമസമില്ലാതെ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ഒന്ന് രണ്ട് മൂന്ന് വര്‍ഷക്കാലയളവില്‍ പൂര്‍ത്തിയാക്കുന്ന പദ്ധതികള്‍ പ്രത്യേകം തരംതിരിച്ച് ഇവ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ജല വിഭവ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി സബ് ഡിവിഷന് ആവശ്യമുള്ള സ്ഥലങ്ങളില്‍ അനുവദിക്കും. മറ്റു സൗകര്യങ്ങളുടെ പരിമിതികളെല്ലാം പരിഹരിക്കുമെന്നും മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു.
ജനങ്ങളോട് മാന്യമായി പെരുമാറണംപരാതിയും ആവശ്യങ്ങളും പറയാന്‍ വേണ്ടി ജല അതോറിറ്റിയെ സമീപിക്കുന്നവരോട് മാന്യമായും അനുഭാവപൂര്വ്വവും പെരുമാറണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. ജലവിഭവ വകുപ്പ് ജനസേവന വകുപ്പായി മാറണം. അടിസ്ഥാന ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് കുടിവെള്ളം. ഇത് മുടങ്ങുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധികള്‍ ചെറുതല്ല. ഈ സാഹചര്യങ്ങളിലാണ് ഉപയോക്താക്കള്‍ ജല അതോറിറ്റിയിലേക്ക് വിളിക്കുന്നത്. ഈ സാഹചര്യം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ ജീവനക്കാര്‍ക്ക് കഴിയണം. ഒരു തരത്തിലുള്ള അഴിമതിയും വകുപ്പില്‍ വെച്ചുപൊറുപ്പിക്കില്ല. സദ്പേരുള്ള വകുപ്പായി ജലവിഭവ വകുപ്പിനെ മാറ്റണം. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും വകുപ്പ് ചേർത്തുപിടിക്കും. ജല അതോറിറ്റിക്ക് കീഴിലുള്ള വിവിധ വകുപ്പുകളെല്ലാം പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കണം. വിവിധ പദ്ധതികളുടെ ഏകീകരണത്തിനും പൂര്‍ത്തീകരണത്തിനും നടത്തിപ്പിനും ഈ കൂട്ടായ്മ അനിവാര്യമാണെ്ന്നും മന്ത്രി പറഞ്ഞു.