ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം നേടിയ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ ആദരിച്ച് കേരളം
തിരുവനന്തപുരം : രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം നേടിയ മലയാളത്തിന്റെ മഹാനടൻ മോഹൻലാലി നെ ആദരിച്ച് കേരളം. മലയാളപ്പെരുമ വാനോളം ഉയർത്തിയ മോഹൻലാലിനെ സംസ്ഥാന സർക്കാരിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ ആദരിച്ചു. കവി പ്രഭാവർമ്മ രചിച്ച പ്രശസ്തിപത്രവും സമർപ്പിച്ചു. ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.
മന്ത്രിമാരായ ജി ആർ അനിൽ, സജി ചെറിയാൻ, കെ എൻ ബാലഗോപാൽ, എ എ റഹീം എംപി, എംഎൽഎമാരായ എം വി ഗോവിന്ദൻ, ആന്റണി രാജു, ചലച്ചിത്ര സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, ജോഷി, നടിമാരായ അംബിക, രഞ്ജിനി, സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ കെ മധു, സംസ്ഥാന ചലച്ചിത്ര പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ കെ മധുപാല്, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ, ടി കെ രാജീവ്കു മാര് എന്നിവരുൾപ്പെടെ രാഷ്ട്രീയ- സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനെ തുടർന്ന് നടക്കുന്ന മോഹൻലാലിനുള്ള കലാസമർപ്പണമായ ‘രാഗം മോഹനം’ ടി കെ രാജീവ് കുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. മോഹൻലാലിന്റെ നടനചാതുരിക്ക് അർപ്പണമായി കഥകളി ആചാര്യൻ കലാമണ്ഡലം സുബ്രമണ്യൻ ആശാൻ ‘തിരനോട്ടം’ അവതരിപ്പിക്കും. കലാമണ്ഡലം വിനോദിന്റെ ആലാപനത്തിന് കലാമണ്ഡലം പ്രശാന്ത് മദ്ദളവും കലാമണ്ഡലം വേണു മോഹൻ ചെണ്ടയും വായിക്കും.
തുടർന്ന് മോഹൻലാലിന്റെ കലാസപര്യക്ക് ആദരമായി മോഹൻലാൽ ചിത്രങ്ങളിലെ അവിസ്മരണീയ ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിക്കുന്ന പിന്നണി ഗായകരുടെ സംഗീതാർച്ചന ‘രാഗം മോഹനം’ അരങ്ങേറും. എം ജി ശ്രീകുമാറിന്റെ ഗാനത്തോടെ തുടങ്ങുന്ന ‘രാഗം മോഹനത്തിൽ ’ തുടർന്ന് ഗായിക സുജാതയുടെ നേതൃത്വത്തിൽ സിതാര, മഞ്ജരി, ജ്യോത്സന, മൃദുല വാരിയർ, നിത്യ മാമ്മൻ, സയനോര, രാജലക്ഷ്മി, റിമി ടോമി, നന്ദിനി, രഞ്ജിനി ജോസ്, ലക്ഷ്മി ഗോപാലസ്വാമി എന്നീ ഗായികമാരും ഗാനാർച്ചന നടത്തും. തുടർന്ന് മോഹൻലാലും ഗാനം ആലപിക്കും. മോഹൻലാലിന് ആശംസകൾ അർപ്പിക്കാൻ അദ്ദേഹത്തിന്റെ നായികമാരായി വെള്ളിത്തിരയിൽ മിന്നിത്തിളങ്ങിയ അഭിനേത്രിമാരായ ശോഭന, മീന, ഉർവശി, മേനക, മാളവിക മോഹൻ, രഞ്ജിനി, അംബിക എന്നിവരും ‘ലാൽ സലാമിൽ’ പങ്കെടുക്കും.