അങ്കോളയിലെ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ ഇന്നും തുടരും
അങ്കോളയിലെ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ ഇന്നും തുടരും. എന്‍ഡിആര്‍എഫിന്റെയും നേവിയുടെയും നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുക. ബെംഗളൂരുവില്‍ നിന്ന് റഡാര്‍ എത്തിച്ച് പരിശോധന നടത്തും. എന്നാല്‍ പ്രതികൂല കാലാവസ്ഥ രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നുണ്ട്. ഷിരൂരില്‍ മഴ തുടരുകയാണ്. പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.
ഇക്കഴിഞ്ഞ 16ന് രാവിലെ ബെലെഗാവിയില്‍ നിന്ന് മരം കയറ്റി വരികെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു അപകടമുണ്ടായത്. കനത്തമഴ വെല്ലുവിളിയായതോടെ യായിരുന്നു ഇന്നലെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്. രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണെന്ന് ഉത്തര കന്നഡ പി എം നാരായണ അറിയിച്ചു. അര്ജുന് മണ്ണിനടിയില്‍ അകപ്പെട്ടിട്ടുണ്ടെന്ന സംശയം ഉള്ളപ്പോഴും മൂന്ന് ദിവസമായി തിരച്ചില്‍ മന്ദഗതിയിലായിരുന്നു. സംഭവത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന് ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് നിര്‍ദേശം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി സംഭവസ്ഥലത്തെ ജില്ലാ കളക്ടറുമായും പൊലീസ് സൂപ്രണ്ടുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ലോറി ഗംഗാവലിപ്പുഴയിലേക്ക് വീണിരിക്കാമെന്ന സംശയത്തില്‍ നേവി നടത്തിയ തിരച്ചിലില്‍ വാഹനം കണ്ടെത്താനായില്ല. വാഹനം പുഴയിലേക്ക് മറിഞ്ഞിട്ടില്ലെന്നാണ് അനുമാനം.