കെഎസ്ആര്‍ടിസി ബസുമായി കടന്നുകളഞ്ഞ യുവാവ് അറസ്റ്റില്‍
കൊല്ലം : കെഎസ്ആര്‍ടിസി ബസുമായി കടന്നുകളഞ്ഞ യുവാവ് അറസ്റ്റില്‍. തെന്മല ഉറുകുന്ന് ഒറ്റക്കല്‍ ആര്യാഭവനില്‍ ബിനീഷ്(23) ആണ് പിടിയിലായത്. കൊല്ലം പുനലൂരില്‍ വ്യാഴാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. വീട്ടിലേക്ക് പോകാന്‍ ബസ് കാത്തുനിന്നിട്ടും കിട്ടാതിരുന്നതോടെയായിരുന്നു യുവാവിന്റെ ‘കടുംകൈ’. ഡിപ്പോയ്ക്ക് സമീപത്തായി ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ബസാണ് ലോറി ഡ്രൈവറായ ബിനീഷ് ഓടിച്ചുകൊണ്ട് പോയത്.
ടിബി ജംഗ്ഷനില്‍ വാഹനപരിശോധന നടത്തുകയായിരുന്ന ഹൈവേ പൊലീസാണ് ബിനിഷിനെ പിടികൂടിയത്. ഹെഡ്ലൈറ്റുകള് തെളിക്കാതെ കെഎസ്ആര്‍ടിസി ബസ് വരുന്നത് കണ്ട് പൊലീസ് കൈ കാണിക്കുകയായിരുന്നു. തുടര്‍ന്ന് ബസ് നിര്‍ത്തി ബിനീഷ് ഇറങ്ങിയോടി. ഇയാളെ പിന്തുടര്ന്നാണ് പൊലീസ് പിടികൂടിയത്. ബിനീഷ് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബസ് മോഷണം പോയതായി കാണിച്ച് കെഎസ്ആര്‍ടിസി സ്റ്റേഷന് മാസ്റ്റര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.