സിനിമാ സംഘടനകളുടെ നിർണായക യോഗം ഇന്ന്; തീയറ്റർ അടയ്ക്കാനുൾപ്പടെ ആലോചന
കൊച്ചി : വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ സിനിമ സംഘടനകൾ പ്രഖ്യാപിച്ച സൂചനാ പണിമുടക്കിന് മുന്നോടിയായുള്ള നിർണ്ണായക യോഗം ഇന്ന്. സൂചനാ പണിമുടക്കിന് ശേഷവും പ്രശ്ന പരിഹാരം ആയില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് സിനിമാ സംഘടനകളുടെ ആലോചന. തിയറ്ററുകളുടെ പ്രവർത്തനം, ചിത്രീകരണം എന്നിവ ഉൾപ്പടെ നിർത്തിവയ്ക്കുക എന്നീ നടപടികളിലേക്ക് സംഘടന കടക്കുമെന്നാണ് വിവരം. സമരത്തിന്റെ തുടർനടപടി ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും. വിനോദ നികുതി പിൻവലിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സൂചനാ പണിമുടക്ക്. നിർമ്മാതാക്കൾ, വിതരണക്കാർ, തിയറ്റർ ഉടമകൾ എന്നിവർ സംയുക്തമായാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിനിമ മേഖല നേരിടുന്ന പ്രതിസന്ധിക്ക് അയവ് വരുത്താൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് സംഘടനകളുടെ ആവശ്യം.