തദ്ദേശ തെരഞ്ഞെടുപ്പ്; പല ജില്ലകളിലും വോട്ടിങ് യന്ത്രത്തകരാറുകൾ (ഇവിഎം) റിപ്പോർട്ട് ചെയ്തു
തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കവെ പല ജില്ലകളിലും വോട്ടിങ് യന്ത്രത്തകരാറുകൾ (ഇവിഎം) റിപ്പോർട്ട് ചെയ്തു. ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ നിരവധി ബൂത്തുകളിൽ യന്ത്രങ്ങൾ തകരാറിലായതിനെ തുടർന്ന് വോട്ടെടുപ്പ് ആരംഭിക്കാൻ വൈകി. തിരുവനന്തപുരത്ത് പൊന്മുടി യുപിഎസി ലെ ഒന്നാം നമ്പർ ബൂത്തിലും ആറ്റിങ്ങൽ പരവൂർക്കോണം സ്കൂളിലും ഇവിഎം തകരാറിലായി. കൂടാതെ കാട്ടാക്കട, തേരിവിള, അരുവിക്കര വെമ്പന്നൂർ വാർഡുകളിലെ ബൂത്തുകളിലും, പള്ളിക്കൽ പുള്ളിപ്പാറ ഒന്നാം ബൂത്തിലും വോട്ടിങ് മെഷീനുകൾ തകരാർ സംഭവിച്ചതിനെ തുടർന്ന് വോട്ടെടുപ്പ് വൈകി.
കോട്ടയത്ത് വെള്ളൂർ പഞ്ചായത്തിലെ 12, 17 വാർഡുകളിലും, അയ്മനം മൂന്നാം വാർഡിലെ ബൂത്തിലും യന്ത്രത്തകരാർ റിപ്പോർട്ട് ചെയ്തു. പത്തനംതിട്ടയിൽ തിരുവല്ല നിരണം എരതോട് ബൂത്തിലും മലയാലപ്പുഴ പഞ്ചായത്ത് 14-ാം വാർഡിലും യന്ത്രത്തകരാർ സംഭവിച്ചു. കൊല്ലം പത്തനാപുരത്ത് ബ്ലോക്ക് ഡിവിഷന്റെ വോട്ടിങ് മെഷീൻ മാറിയെത്തിയത് ആശയക്കുഴപ്പമുണ്ടാ ക്കി. പട്ടാഴി പാണ്ടിത്തിട ഗവ. എൽപിഎസിലെ ബൂത്തിൽ നടുത്തേരി ബ്ലോക്ക് ഡിവിഷന്റെ മെഷീന് പകരം തലവൂർ ഡിവിഷന്റെ മെഷീനാണ് എത്തിച്ചത്. കൂടാതെ, കൊല്ലം കോർപ്പറേഷൻ ഭരണിക്കാവ് ഡിവിഷൻ ഒന്നാം നമ്പർ ബൂത്തിലും വോട്ടിങ് മെഷീൻ തകരാറിലായി. ഇടുക്കി വണ്ടിപ്പെരിയാർ പഞ്ചായത്തിലെ 13-ാം വാർഡ് ബൂത്ത് ഒന്നിലും തങ്കമലയിലും, നെടുംകണ്ടം പഞ്ചായത്ത് 14-ാം വാർഡ് തൂക്കുപാലം എസ്.എൻ.ഡി.പി. ഹാളിലും യന്ത്രത്തകരാറുകൾ റിപ്പോർട്ട് ചെയ്തു.