തദ്ദേശ പോരാട്ടം; സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കം
തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കം. രാവിലെ 7 മണി മുതലാണ് 7 ജില്ലകളിൽ പോളിങ് ആരംഭിച്ചത്. വോട്ടർമാർ പോളിങ് ബൂത്തിലെത്തിത്തുടങ്ങി. സ്ഥാനാർഥി യുടെ മരണത്തെ തുടർന്ന് പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവച്ചതായി അധികൃതർ അറിയിച്ചു. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായ ത്ത് ഏഴാം വാർഡിലെ മറ്റന്നാളത്തെ വോട്ടെടുപ്പും സ്ഥാനാർഥി യുടെ മരണം മൂലം മാറ്റിവച്ചു.
തിരുവനന്തപുരം കോർപറേഷനിൽ വിഴിഞ്ഞം വാർഡിലെയും തെരഞ്ഞെടു പ്പും മാറ്റിവെച്ചിട്ടുണ്ട്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ് സമയം. വൈകിട്ട് ആറിനകം എത്തുന്നവരെ ടോക്കൺ നൽകി ആറിനു ശേഷവും വോട്ടു ചെയ്യാൻ അനുവദിക്കും. ആകെ 36,620 സ്ഥാനാർഥികളാണ് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകളിൽ മത്സരരംഗത്തുള്ളത്. തിരുവനന്തപുരത്ത് പോത്തൻകോട് ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി അമേയ പ്രസാദ് ഏക ട്രാൻസ്ജെൻഡർ സ്ഥാനാർഥിയാണ്. 595 തദ്ദേശസ്ഥാപനങ്ങളിലെ 11,167 വാർഡുകളിലാണ് ഇന്ന് വോട്ടെടുപ്പു നടക്കുന്നത്. ഏഴു ജില്ലകളിൽ ഇന്നു വോട്ടെടുപ്പു നടക്കുമ്പോൾ അവശേഷിക്കുന്ന ഏഴു ജില്ലകളിൽ ഇന്നു വൈകുന്നേരം പരസ്യപ്രചാരണം അവസാനിക്കും. വ്യാഴാഴ്ചയാണ് ഈ ജില്ലകളിൽ വോട്ടെടുപ്പ്. ശനിയാഴ്ചയാണ് വോട്ടെണ്ണൽ.